കാണ്‍പൂര്‍: കൊവിഡിനുള്ള റഷ്യന്‍ വാക്സിന്‍ സ്പുട്നിക് 5 അടുത്ത ഘട്ട പരീക്ഷണങ്ങള്‍ക്കായി ഉടന്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജില്‍ അടുത്ത ആഴ്ചയോടെ വാക്സിനെത്തുമെന്നും മനുഷ്യരില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അടുത്ത ആഴ്ച തന്നെ പരീക്ഷണങ്ങള്‍ നടക്കുമെന്ന് കാന്‍പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.ബി കമല്‍ അറിയിച്ചിട്ടുണ്ട്. 180 പേരാണ് ഇതുവരെ പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
'180 പേരാണ് ട്രയലിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗവേഷണ വിഭാഗം തലവനായ സൗരഭ് അഗര്‍വാളാണ് കുത്തിവെപ്പിനുള്ള വാക്സിന്റെ അളവ് നിശ്ചയിക്കുക.
ആദ്യ ഡോസ് നല്‍കിയ ശേഷം കുത്തിവെപ്പ് നടന്നവരെ കൃത്യമായി നിരീക്ഷിക്കും. അതിനുശേഷമാണ് അടുത്ത ഡോസ് നല്‍കണമോയെന്ന് തീരുമാനിക്കുക.' ആര്‍.ബി കമല്‍ അറിയിച്ചു. 21 ദിവസത്തെ ഇടവേളയില്‍ മൂന്ന് തവണ വാക്സിന്‍ കുത്തിവെച്ച ശേഷം ഏഴ് മാസത്തോളമാണ് ട്രയല്‍സിന് വിധേയമായവരെ നിരീക്ഷിക്കുക. കുത്തിവെപ്പ് നടത്തിയവരുടെ ശാരീരികനില പരിശോധിച്ചാല്‍ മാത്രമേ വാക്സിന്‍ വിജയകരമാണെന്ന് ഉറപ്പിക്കാനാകൂ.
ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്നും വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഡോ.റെഡ്ഡിസ് ലബോറട്ടറിക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ സ്പുട്നിക് 5ന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളും വിതരണവും നടത്താന്‍ ഡോ.റെഡ്ഡീസ് ലബോറട്ടറി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റമെന്റ് ഫണ്ടുമായി ധാരണയിലെത്തുന്നത് സെപ്തംബറിലാണ്. ഈ ധാരണ പ്രകാരം 100 മില്യണ്‍ വാക്സിന്‍ ഡോസുകളാണ് ഡോ.റെഡ്ഡീസിന് നല്‍കുക. തുടര്‍ന്ന് ഇന്ത്യയിലെ നിയമപ്രകാരമുള്ള പരീക്ഷണങ്ങള്‍ നടത്തും. വിജയകരമായാല്‍ വിതരണത്തിന് നിയമപരമായി അംഗീകാരം തേടും.