വാഷിംഗ്ടൺ: നിരന്തരം ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റുകൾ. അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ തന്റെ എതിർ സ്ഥാനാർത്ഥിയായ ജോ ബൈഡൻ വിജയിച്ചു എന്ന തരത്തിൽ ആദ്യം ട്വീറ്റ് ചെയ്തിരുന്ന ട്രംപ് ഇപ്പോൾ പറയുന്നത് താൻ 'ഒന്നും വിട്ടുകൊടുക്കില്ല' എന്നാണ്. തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നതുകൊണ്ടാണ് ബൈഡൻ വിജയിച്ചതെന്ന് ഒരു ട്വീറ്റിലൂടെ പറഞ്ഞ ട്രംപ് പിന്നീട് രണ്ട് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റിൽ താൻ ഒന്നും വിട്ടുകൊടുക്കില്ലെന്നാണ് പറയുന്നത്.
He won because the Election was Rigged. NO VOTE WATCHERS OR OBSERVERS allowed, vote tabulated by a Radical Left privately owned company, Dominion, with a bad reputation & bum equipment that couldn’t even qualify for Texas (which I won by a lot!), the Fake & Silent Media, & more! https://t.co/Exb3C1mAPg
— Donald J. Trump (@realDonaldTrump) November 15, 2020
എന്നിരുന്നാലും, ആദ്യമായാണ് ട്രംപ് തന്റെ എതിർ സ്ഥാനാർത്ഥി വിജയിച്ചുവെന്ന് സമ്മതിക്കുന്നത്. വോട്ട് വാച്ചർമാരെയോ മറ്റ് നിരീക്ഷകരെയോ വോട്ടെണ്ണലിനിടെ അനുവദിച്ചിരുന്നില്ലെന്നും 'ഡൊമിനിയൺ' എന്ന് പേരുള്ള ഒരു 'തീവ്ര ഇടതുപക്ഷ' സ്വകാര്യ കമ്പനിയാണ് വോട്ടുകൾ കൈകാര്യം ചെയ്തതെന്നും ട്രംപ് തന്റെ ആദ്യത്തെ ട്വീറ്റിൽ ആരോപിക്കുന്നു. ഇത് മോശമെന്ന പേര് നേടിയിട്ടുള്ള ഒരു കമ്പനിയാണെന്നും ഇവരുടെ കൈവശം ഗുണമേന്മയില്ലാത്ത ഉപകാരണങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും ട്രംപ് ട്വീറ്റിൽ പറയുന്നു.
He only won in the eyes of the FAKE NEWS MEDIA. I concede NOTHING! We have a long way to go. This was a RIGGED ELECTION!
— Donald J. Trump (@realDonaldTrump) November 15, 2020
തുടർന്ന് ഇതേ വിഷയത്തിൽ തുടർച്ചയായി ഒന്നിൽ കൂടുതൽ ട്വീറ്റുകൾ അമേരിക്കൻ പ്രസിഡന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊന്നിലാണ്, താൻ വഴങ്ങിക്കൊടുക്കില്ല എന്ന് ട്രംപ് പറയുന്നത്. 'അയാൾ(ബൈഡൻ) ജയിച്ചത് വ്യാജവാർത്തകൾ പുറത്തുവിടുന്ന മാദ്ധ്യമങ്ങളുടെ കണ്ണിൽ മാത്രമാണ്. ഞാൻ ഒന്നും വിട്ടുകൊടുക്കില്ല. നമുക്ക് ഒരുപാട് ദൂരം പോകാനുണ്ട്. ഈ തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ട്.' ട്രംപിന്റെ വാക്കുകൾ ഇങ്ങനെ.
RIGGED ELECTION. WE WILL WIN!
— Donald J. Trump (@realDonaldTrump) November 15, 2020
ഒപ്പം മറ്റൊരു ട്വീറ്റിലൂടെ 'നമ്മൾ ജയിക്കും' എന്നും ട്രംപ് പറയുന്നുണ്ട്. ഇതിൽ മിക്ക ട്വീറ്റുകളും ട്വിറ്റർ 'വാസ്തവിരുദ്ധ'മെന്ന് തള്ളിയിട്ടുണ്ട്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ ജയിച്ചു എന്ന് വ്യക്തമായിട്ടും ട്രംപ് സ്ഥാനമൊഴിയാൻ കൂട്ടാക്കാത്തതിനെ വിമർശിച്ചുകൊണ്ട് ലോകമെമ്പാടും നിരവധി പേരാണ് രംഗത്ത് വന്നത്. പ്രസിഡന്റ് സ്ഥാനമൊഴിയാൻ ട്രംപ് കൂട്ടാക്കാത്തതിനെ തുടർന്ന് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്ന നിരവധി തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ കലാപത്തിന് കോപ്പുകൂട്ടുകയാണ് എന്നും വിവരമുണ്ട്.