കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് മെല്ലെ കരകയറിത്തുടങ്ങിയ ഇന്ത്യൻ വാഹന വിപണി, ഉത്സവകാലം നിറഞ്ഞ ഒക്‌ടോബറിൽ മികച്ച വില്പന പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് കനത്ത നിരാശ. 2019 ഒക്‌ടോബറിനെ അപേക്ഷിച്ച് ഇക്കുറി മൊത്തം റീട്ടെയിൽ വാഹന വില്പന 23.99 ശതമാനം താഴ്‌ന്നുവെന്ന് ഡീലർമാരുടെ കൂട്ടായ്‌മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങളിലുമായി ആകെ 14.13 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്. 2019 ഒക്‌ടോബറിൽ ഇത് 18.59 ലക്ഷം യൂണിറ്റുകളായിരുന്നു. ഇക്കുറി ടൂവീലർ വില്പന 26.82 ശതമാനം താഴ്‌ന്ന് 10.41 ലക്ഷം യൂണിറ്റുകളിലെത്തി. 64.50 ശതമാനമാണ് ത്രീവീലറുകളുടെ ഇടിവ്. വില്പന 63,042ൽ നിന്ന് 22,381 ആയി കുറഞ്ഞു.
63,837ൽ നിന്ന് വാണിജ്യ വാഹന വില്പന 44,480ലെത്തി. നഷ്‌ടം 30.32 ശതമാനം. പാസഞ്ചർ വാഹനങ്ങളുടെ (കാറുകൾ) നഷ്‌ടം 8.80 ശതമാനമാണ്. 2.49 ലക്ഷം കാറുകൾ കഴിഞ്ഞമാസം വിറ്റഴിഞ്ഞു; കഴിഞ്ഞവർഷം ഒക്‌ടോബറിൽ ഇന്ത്യക്കാർ പുതുതായി 2.73 ലക്ഷം കാറുകൾ വാങ്ങിയിരുന്നു.
കാർഷിക മേഖലയിലെ ഉണർവ് ട്രാക്‌ടർ വിപണിയെ ഉഷാറാക്കുന്നുണ്ട്. കഴിഞ്ഞമാസവും വളർച്ച കുറിച്ച ഏക വിഭാഗം ട്രാക്‌ടറുകളാണ്; 55.53 ശതമാനം. വില്പന 35,456ൽ നിന്ന് 55,146 യൂണിറ്റുകളായി മെച്ചപ്പെട്ടു. ടൂവീലറുകളിൽ 32.02 ശതമാനം വിപണി വിഹിതവുമായി ഹീറോ മോട്ടോകോർപ്പ് കഴിഞ്ഞമാസവും ഒന്നാംസ്ഥാനം നിലനിറുത്തി. 28.06 ശതമാനം വിഹിതമുള്ള ഹോണ്ടയാണ് രണ്ടാമത്.
ബജാജ് ഓട്ടോയാണ് ത്രീവലറുകളിൽ മുന്നിൽ; വിഹിതം 37.26 ശതമാനം. 34.43 ശതമാനം വിഹിതവുമായി വാണിജ്യ വാഹനങ്ങളിൽ ടാറ്റാ മോട്ടോഴ്‌സ് ഒന്നാംസ്ഥാനം നേടി. 33.68 ശതമാനവുമായി മഹീന്ദ്ര തൊട്ടടുത്തുണ്ട്.
കാറുകളിൽ മാരുതിയെ വെല്ലാനടുത്തെങ്ങും ആളില്ല. 49.55 ശതമാനത്തിൽ നിന്ന് 49.73 ശതമാനത്തിലേക്ക് വിപണി വിഹിതം ഉയർത്തിയ മാരുതി ഒന്നാംസ്ഥാനമെന്ന കുത്തക നിലനിറുത്തി. 17.11 ശതമാനം വിഹിതവുമായി ഹ്യുണ്ടായ് ആണ് രണ്ടാംസ്ഥാനത്ത്. ട്രാക്‌ടറുകളിൽ മഹീന്ദ്രയാണ് ഒന്നാമത്; വിഹിതം 22.61 ശതമാനം.
കരകയറ്റം തുടരുന്നു
2019 ഒക്‌ടോബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസം വില്പന കുറഞ്ഞത് വാഹന വിപണിയെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇത്തവണ സെപ്‌തംബറിനേക്കാൾ മികച്ച വില്പന കഴിഞ്ഞമാസം കിട്ടിയെന്ന ആശ്വാസവുമുണ്ട്. 13.44 ലക്ഷം യൂണിറ്റുകളായിരുന്നു സെപ്‌തംബറിൽ ആകെ വാഹന വില്പന. കാറുകളുടെ വില്പന സെപ്‌തംബറിലെ 1.95 ലക്ഷത്തിൽ നിന്ന് 2.49 ലക്ഷം യൂണിറ്റുകളിലേക്കും മെച്ചപ്പെട്ടു.