sabarimala

പത്തനംതിട്ട: ശബരിമലയിൽ ദ‌ർശനത്തിനായി തീത്ഥാടകർ എത്തി തുടങ്ങി. സന്നിധാനത്തും മാളികപ്പുറത്തും പുതുതായി സ്ഥാനമേറ്റ മേൽശാന്തിമാർ ശ്രീകോവിൽ തുറന്നു ദീപം തെളിയിച്ചു.കര്‍ശന നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ ദർശനത്തിന് അനുമതിയുള്ളൂ. മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തര്‍ക്കാണ് പ്രതിദിനം ദര്‍ശനാനുമതി. ശനിയും ഞായറും 2000 പേര്‍ക്കുവീതം ദര്‍ശനം നടത്താം. പമ്പയിലോ സന്നിധാനത്തോ തങ്ങാന്‍ അനുമതിയില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇന്ന് മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം.2021 ജനുവരി 14നാണ് മകരവിളക്ക്.

ഇന്നലെ വൈകീട്ടാണ് ശബരിമല നട തുറന്നത്.അപ്പം, അരവണ പ്രസാദങ്ങളുടെ നിർമ്മാണം ഇന്നലെ നടതുറന്ന ശേഷമാണ് ആരംഭിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെമ്പർമാരായ അഡ്വ.കെ.എസ്. രവി , അഡ്വ.എൻ.വിജയകുമാർ, ദേവസ്വം കമ്മിഷണർ ഡോ. ബി. എസ്. തിരുമേനി, സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ ശബരിമലയിൽ എത്തിയിരുന്നു. തീർത്ഥാടകർക്ക് നിയന്ത്രണം ഉള്ളതിനാൽ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ദേവസ്വം ജീവനക്കാരും ദിവസവേതനക്കാരും ഉൾപ്പെടെ പമ്പ, നിലയ്ക്കൽ, ശബരിമല എന്നിവിടങ്ങളിലായി 500 ജീവനക്കാർ മാത്രമാണുള്ളത്.