ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുള്ളത് കാഥികൻ വി.സാംബശിവനാണെന്ന് പറയുമായിരുന്നു.കഥാപ്രസംഗ കലയെ ജനകീയമാക്കിയെന്നു മാത്രമല്ല, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ വളർച്ചയിലും സാംബശിവന്റെ പങ്ക് വിസ്മരിക്കാനാവുന്നതല്ല.കലാപരിപാടിക്കിടയിലൂടെ തനിക്കു പറയാനുള്ള രാഷ്ട്രീയം സാംബശിവൻ പറയുമായിരുന്നു.ലോക സാഹിത്യകാരൻമാരെയും അവരുടെ ക്ളാസിക്കുകളെയും സാധാരണക്കാരായ മലയാളികൾക്കുപോലും സുപരിചിതമാക്കിയതിൽ സാംബശിവനടക്കമുള്ള കാഥികർക്ക് വലിയ പങ്കുണ്ട്.സാംബശിവൻ കഥാവശേഷനായിട്ട് വർഷങ്ങൾ കഴിഞ്ഞു.സാംബശിവന്റെ കാലത്ത് തന്നെ വേദിയിൽ നിറഞ്ഞുനിന്ന പ്രമുഖരായ രണ്ട് കാഥികരാണ് കൊല്ലം ബാബുവും തേവർതോട്ടം സുകുമാരനും. എൺപത് പിന്നിട്ട ഇരുവരും ഇപ്പോൾ കൊല്ലത്തുണ്ട്. പ്രമുഖ കാഥികനായ കടയ്ക്കോട് വിശ്വംഭരന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം ഈയിടെ ഇവർ രണ്ടുപേർക്കും സമ്മാനിച്ചിരുന്നു.ഉത്സവപ്പറമ്പുകളെയും സാംസ്ക്കാരിക വേദികളെയും ആവേശഭരിതരാക്കിയ ബാബുവും തേവർതോട്ടവും ഇപ്പോൾ പൊതുവേദികളിൽ വരാറില്ല.അനാരോഗ്യം രണ്ടുപേരെയും വേദികൾക്ക് അന്യമാക്കി.
പക്ഷാഘാതമാണ് ബാബുവിന് മുന്നിൽ വില്ലനായത്. കലാവേദികളിൽ നിന്ന് ബാബു പിൻമാറിയിട്ട് 17 വർഷമായി .കൊല്ലം യവന എന്ന പേരിൽ നടത്തിയിരുന്ന നാടക ട്രൂപ്പും നിറുത്തി.തേവർതോട്ടം മൂന്നുവർഷം മുമ്പുവരെ പൊതുവേദികളിൽ വന്നിരുന്നു.അടുത്തകാലം വരെയും ആകാശവാണിയിൽ പരിപാടി അവതരിപ്പിച്ചിരുന്നു.പാർക്കിൻസൺ ബാധിച്ചുതുടങ്ങിയതോടെ ഇപ്പോൾ വിശ്രമത്തിലാണ്.
ഗവൺമെന്റ് പ്രസിലെ സർക്കാർ ജോലി രാജിവച്ചാണ് മുകുന്ദൻപിള്ള എന്ന കൊല്ലം ബാബു കഥാപ്രസംഗ കലയിലേക്കിറങ്ങിയത്. 32 വർഷം. പതിനയ്യായിരത്തോളം വേദികൾ. സാംബശിവനെപ്പോലെ ബാബുവിനും തിരക്കോട് തിരക്കായിരുന്നു..ചേരിയുടെ നീലസാരി എന്ന കഥ പറഞ്ഞായിരുന്നു തുടക്കം.വിശ്വസാഹിത്യകാരൻമാരുടെതടക്കം 35 സാഹിത്യകൃതികൾ അവതരിപ്പിച്ചു.ചാൾസ് ഡിക്കൻസിന്റെ രണ്ട് നഗരങ്ങളുടെ കഥ, കെ.എ.അബ്ബാസിന്റെ രണ്ട് തുള്ളി വെള്ളം ,എമിലിസോളോയുടെ ഷെയിം തുടങ്ങി അനവധി കഥകൾ. കല്ലടവാസുദേവൻ എഴുതിയ കാക്കവിളക്ക് എന്ന കാവ്യം ആയിരക്കണക്കിന് വേദികളിലാണ് കഥയായി അവതരിപ്പിച്ചത്.കഥ പറയുന്നതിലും പാട്ടുപാടുന്നതിലും ഒരുപോലെ അനുപമമായ ശൈലിയായിരുന്നു ബാബുവിന്റേത്.കൃഷ്ണകുമാരി അമ്മയാണ് ബാബുവിന്റെ ഭാര്യ.മക്കളാരും കലാരംഗത്തേക്ക് വന്നില്ല.തിരുവനന്തപുരത്ത് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയനാണ് മൂത്ത മകൻ കല്യാൺ കൃഷ്ണൻ. മകൾ ആരതി ആലുവ ഇടത്തലയിൽ പഞ്ചായത്ത് സെക്രട്ടറിയാണ്.ഇളയമകൻ ഹരികൃഷ്ണൻ അയർലണ്ടിലും. കഥ പറയാൻ അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഗൾഫ്നാടുകളിലുമൊക്കെ പലതവണ കൊല്ലം ബാബു പോയിട്ടുണ്ട്.കൊല്ലത്ത് രാമൻകുളങ്ങരയ്ക്കു സമീപം ആലാട്ടുകാവിലാണ് ബാബുവിന്റെ താമസം.
കഥാപ്രസംഗത്തോടുള്ള അഭിനിവേശത്താൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ടുണ്ട് തേവർതോട്ടം സുകുമാരൻ. കഥാപ്രസംഗകലയിലെ അതുല്യ കലാകാരനായ കെ.കെ.വാദ്ധ്യാരുടെ വീട്ടിൽ പോയി കഥാപ്രസംഗം പഠിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു.പഠിപ്പിക്കാമെന്ന് ഉറപ്പു നൽകി വണ്ടിക്കൂലിയും നൽകി അദ്ദേഹം വീട്ടിലേക്ക് മടക്കി അയച്ചു.തേവർതോട്ടം കഥാപ്രസംഗ രംഗത്തേക്ക് നിശ്ചയദാർഢ്യത്തോടെ കടന്നുവന്നു.56 വർഷം കഥ പറഞ്ഞു. 15000ത്തിലേറെ വേദികൾ.ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റാണ്.ആകാശവാണിയിൽത്തന്നെ 63 കഥകൾ അവതരിപ്പിച്ചു.കഥകൾ സ്വന്തമായി ചിട്ടപ്പെടുത്തി അവതരിപ്പിക്കുമായിരുന്നു. സർദാർ കെ.എം.പണിക്കരുടെ അംബ പാലി എന്ന കഥയെ ആസ്പദമാക്കിയാണ് ആദ്യത്തെ കഥാപ്രസംഗം.പിന്നീട് വിശ്വസാഹിത്യകാരൻമാരുടേതടക്കം അനവധി കഥകൾ.പി.അയ്യനേത്തിന്റെ വേഗത പോരാ പോരാ എന്ന കൃതി മൂവായിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.സി.പി.എം നേതാവ് ടി.കെ.രാമകൃഷ്ണന്റെ കല്ലിലെ തീപ്പൊരി എന്ന നോവലും കഥാപ്രസംഗമാക്കി.ആകർഷകമായ ശൈലിയാണ് അദ്ദേഹത്തിന്റേത്. സാംബശിവനോടൊപ്പം ചേർന്ന് കഥാപ്രസംഗ കലാകാരൻമാരുടെ സംഘടന കെട്ടിപ്പടുത്തു.ബാലചന്ദ്രമേനോന്റെ അച്ചുവേട്ടന്റെ വീട് ഉൾപ്പെടെ ചില സിനിമകളിലും അഭിനയിച്ചു.കൊല്ലം ജില്ലയിലെ അഞ്ചലിലാണ് ഇപ്പോൾ താമസം.സുരുചിയാണ് ഭാര്യ.അദ്ധ്യാപികയായ ഡോ.ഫിലോമിന, ബാങ്ക് മാനേജരായ പ്രമീള,പുനലൂരിൽ റവന്യു വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രിയംവദ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അസി.പ്രൊഫസറായ പ്രതാപ് തേവർതോട്ടം എന്നിവർ മക്കളാണ്.
കഥാപ്രസംഗത്തിൽ സാംബശിവന്റെ പാരമ്പര്യം പിന്തുടർന്ന് മകൻ പ്രൊഫ.വസന്തകുമാർ സാംബശിവൻ വേദിയിൽ എത്തിയിരുന്നു. ഇത് കഥാവേദിയിൽ വസന്തകുമാറിന്റെ ഇരുപത്തിയഞ്ചാം വർഷമാണ്.കഥാപ്രസംഗ കലയോടുള്ള ആഭിമുഖ്യം ജനങ്ങൾക്കിടയിൽ കുറഞ്ഞിട്ടില്ലെങ്കിലും വേദികളുടെ കാര്യത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് വസന്തകുമാർ പറയുന്നു. ഉത്സവപ്പറമ്പുകളിൽ വന്ന് കലാപരിപാടികൾ കണ്ടിരുന്നവരുടെ എണ്ണവും കുറഞ്ഞു. ടെലിവിഷൻ സജീവമായതോടെ വീടുകളിൽ ഒതുങ്ങിയിരിക്കാനുള്ള വാസനകൂടിയതാണ് കാരണം. ഈ മിലേനിയം മുതലാണ് മാറ്റം പ്രകടമായതെന്ന് വസന്തകുമാർ പറഞ്ഞു.പൊതുവേദികളിൽ കഥാപ്രസംഗം അവതരിപ്പിക്കുന്നതിന്റെ ത്രിൽ റെക്കോർഡ് ചെയ്ത് ടെലിവിഷനിലും മറ്റും കാണിക്കുന്നതിലൂടെ ലഭിക്കില്ല. സാംബശിവൻ ഒരു സ്ഥലത്ത് പരിപാടി അവതരിപ്പിക്കുമ്പോൾ ആ പ്രദേശത്തിന്റെ പ്രത്യേകതകൾ മനസിലാക്കുമായിരുന്നു.വേദിക്കു മുന്നിൽ നിറഞ്ഞിരിക്കുന്ന ആയിരങ്ങളെ ഉള്ളം കൈയ്യിലെന്നപോലെ ആകർഷിക്കുമായിരുന്നു. സാംബശിവന്റെ കഥാപ്രസംഗങ്ങൾക്ക് യൂ ട്യൂബിൽ ഇപ്പോഴും ഡിമാൻഡാണ്.
കൊല്ലം ബാബുവും തേവർതോട്ടം സുകുമാരനും വിശ്രമത്തിലാണെങ്കിലും അവരുടെ ഓർമ്മകൾക്ക് കഥ പറഞ്ഞ് ജനങ്ങളെ കോരിത്തരിപ്പിച്ച രാവുകളുടെ കൂട്ടുണ്ട്.