തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ ഒരു സംഘം യുവാവിനെ ആക്രമിച്ചെന്ന് പരാതി. തിരുവനന്തപുരത്ത് വൻകിട ലോൺഡ്രി സ്ഥാപനവും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന ലോറൻസാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. ബിനീഷ് പിടിയിലായത് മുതൽ ഭീഷണി തുടങ്ങിയിരുന്നുവെന്നാണ് തിരുവനന്തപുരം ശാസ്‌തമംഗലം സ്വദേശിയായ ഇദ്ദേഹം പറയുന്നത്.
ശാസ്‌തമംഗലത്ത് മുടിവെട്ടാൻ പോയപ്പോൾ ബിനീഷിന്റെ മുൻ ഡ്രൈവർ മണികണ്‌ഠൻ എന്ന് വിളിക്കുന്ന സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് പരാതി. അതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലി തകർത്ത് കല്ലെറിഞ്ഞെന്നും പറയുന്നു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് നൽകിയെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണ് പരാതി. ലോറൻസ് ബിനീഷുമായി നേരത്തെ പണ ഇടപാടുകൾ നടത്തുകയും തെറ്റിപിരിയുകയും ചെയ്‌തിരുന്നു.
അഞ്ച് വർഷം മുമ്പ് ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്‌ഠൻ ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മണികണ്‌ഠൻ ബിനീഷിന്റെ ബിനാമിയാണിതെന്ന ആക്ഷേപവും ലോറൻസ് ഉന്നയിക്കുന്നുണ്ട്. ഇത് അടക്കം ബിനീഷിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ അറിയാമെന്നതാണ് തന്നെ ലക്ഷ്യമിടാൻ കാരണം എന്നാരോപിക്കുന്ന ലോറൻസ് ഭീഷണിപ്പെടുത്തിയ മൊബൈൽ സന്ദേശങ്ങളും പൊലീസിന് കൈമാറി.