mulapalli-ramachandran

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഇത്തവണയെങ്കിലും പിടിക്കാൻ ഇറങ്ങിയ കോൺഗ്രസിന് സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച ആശങ്കയാകുന്നു. സീറ്രുകൾ പ്രതീക്ഷിച്ച പലർക്കും മത്സരിക്കാൻ അവസരം കിട്ടാതെ ആയതോടെ ഒട്ടുമിക്ക വാർഡുകളിലും റിബലുകളെ കൊണ്ടുളള തലവേദന രൂക്ഷമാണ്. റിബലുകളായി മത്സരിച്ചവരെ ആജീവനാന്തം കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന കെ പി സി സി അദ്ധ്യക്ഷന്റെ കർശന നിർദേശമുണ്ടായിട്ടും പലരും അതിനെ വകവയ്‌ക്കുന്ന ലക്ഷണമില്ല.

ഗ്രൂപ്പിന്റെ പേര് പറഞ്ഞ് അവഗണിച്ചതും വാർഡ് കമ്മിറ്റി നിർദേശിച്ച പേരുകൾ തളളിയതുമൊക്കെയാണ് റിബലുകളുടെ എണ്ണം വർദ്ധിക്കാനുളള മറ്റൊരു കാരണം. നേതൃത്വത്തിന്റെ താക്കീത് അവഗണിച്ച് പല വാർഡുകളിലും റിബൽ സ്ഥാനാർത്ഥികൾ പ്രചരണം തുടങ്ങി. തിരുവനന്തപുരം നഗരസഭയിൽ പത്തോളം വാർഡുകളിൽ റിബൽ സ്ഥാനാർത്ഥികൾ പ്രചരണം തുടങ്ങിയിട്ടുണ്ട്. മുട്ടട, കിണവൂർ, ശ്രീകാര്യം, ആക്കുളം, നാലാഞ്ചിറ വാർഡുകളിൽ യു ഡി എഫും റിബലുകളും തമ്മിലുളള മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകിയതിനെ ചൊല്ലി സി പി എമ്മിനുളളിൽ തന്നെ ഭിന്നത പുകയുന്ന കാലടി വാർഡിലും യു ഡി എഫിന് വെല്ലുവിളി ഉയർത്തി റിബൽ സ്ഥാനാർഥി പ്രചാരണ രംഗത്ത് സജീവമാണ്. ആയതിനാൽ തന്നെ സി പി എമ്മിനുളളിലെ ഭിന്നത മുതലാക്കാൻ പറ്റാത്ത സാഹചര്യമാണ് കോൺഗ്രസിനുളളത്.

എം രാജപ്പൻ നായരെന്ന റിബൽ സ്ഥാനാർത്ഥി ആദ്യഘട്ട പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇരുപത് വർഷത്തിലധികമായി എൻ എസ് എസിന്റെ സെക്രട്ടറി കൂടിയാണ് രാജപ്പൻ നായർ. സ്ഥാനാർത്ഥിയാകാൻ തയ്യാറാകണമെന്ന് പറഞ്ഞ നേതൃത്വം ഒടുവിൽ ഗ്രൂപ്പിന്റെ പേരിൽ തഴയുകയായിരുന്നു എന്ന് രാജപ്പൻ നായർ പറഞ്ഞു. 8600 വോട്ടർമാരുളള വാർഡിൽ റിബൽ സ്ഥാനാർത്ഥി വന്നത് കോൺഗ്രസിന്റെ ആത്മവിശ്വാസം പരുങ്ങലിലാക്കിയിരിക്കുകയാണ്.

ശ്രീകാര്യത്ത് രണ്ടുപേർ കൈപ്പത്തി ചിഹ്നത്തിൽ ഫ്ലക്‌സുകൾ വച്ചു. റിബലായ ഐ എൻ ടി യു സി നേതാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം നേതൃത്വം തുടരുകയാണ്. മാണിക്യവിളാകം വാർഡിലെ സ്ഥാനാർത്ഥിയെ ചൊല്ലി എ ഗ്രൂപ്പിനുളളിൽ തന്നെയാണ് തർക്കം. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും സ്ഥാനാർത്ഥി നിർണയത്തിൽ അസ്വാരസ്യങ്ങൾ തുടരുകയാണ്. കിളിമാനൂർ,കുന്നത്തുകാൽ, വെഞ്ഞാറമൂട് ഡിവിഷനുകളിൽ ആണ് തർക്കം. അനുകൂല രാഷ്ട്രീയ സാഹചര്യം എന്ന് അവകാശപ്പെടുമ്പോഴും പാളയത്തിൽ പട യു ഡി എഫിന് ഭീഷണിയാകും.