bu-shetty

ബംഗളൂരു: യുഎഇയിലേക്ക് യാത്രതിരിച്ച് വ്യവസായി ബിആർ ഷെട്ടിയെ ബംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞതായി റിപ്പോർട്ട്. ഇന്നലെ പുലർച്ചെയാണ് യുഎഇയിലേക്ക് പോകാനായി ഷെട്ടി വിമാനത്താവളത്തിലെത്തിയത്. ഇത്തിഹാദ് വിമാനത്തിൽ പോകാനായിരുന്നു പദ്ധതി.

എന്നാൽ ഇപ്പോൾ യുഎഇയിലേക്ക് പോകാൻ അനുമതി നൽകാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ ഷെട്ടിയെ അറിയിക്കുകയായിരുന്നു. എട്ട് മാസത്തിന് ശേഷമാണ് അദ്ദേഹം യുഎഇയിലേക്ക് പോകാൻ ശ്രമിച്ചത്. കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് ഷെട്ടിക്കെതിരെ ഉയർന്ന ആരോപണം.

ഷെട്ടിയ്‌ക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. അവരെ വിമാനത്താവളത്തിലെ അധികൃതർ തടഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്. ബാങ്ക് ഒഫ് ബറോഡ ഷെട്ടിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. കൂടാതെ ഫെഡറൽ ബാങ്ക് ഉൾപ്പെടെയുള്ള ഇന്ത്യൻ ബാങ്കുകളുമായി ബന്ധപ്പെട്ടും ഷെട്ടിക്കെതിരെ ആരോപണം ഉയർന്നിരുന്നു. മുങ്ങാൻ ശ്രമിച്ചതല്ലെന്നാണ് ഷെട്ടി പറയുന്നത്

അതേസമയം,അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും, കമ്പനിക്കും ജീവനക്കാർക്കും ഓഹരി ഉടമകൾക്കുമുണ്ടായ നഷ്ടങ്ങൾ പരിഹരിക്കുമെന്നും യുഎഇയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ഷെട്ടി പറഞ്ഞിരുന്നു. യുഎഇയിൽനിന്ന് മുങ്ങിയതല്ലെന്നും,രോഗിയായ സഹോദരനെ സന്ദർശിക്കാനാണ് ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയതെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.