കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കിട്ടി. പൂച്ചാക്കൽ ഭാഗത്ത് മൃതദേഹം തീരത്തടിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രണ്ടാമത്തെ പെൺകുട്ടിക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. അതേസമയം രണ്ടാമത്തെ പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുളള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയിലാണ് പെൺകുട്ടികൾ ആറ്റിലേക്ക് ചാടിയത്. മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പടെയുളളവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രണ്ട് പെൺകുട്ടികൾ ആറ്റിൽ ചാടിയെന്ന് സമീപത്ത് താമസിക്കുന്നവരാണ് പൊലീസിനെ അറിയിച്ചത്. പാലത്തിന് സമീപത്തുനിന്ന് യുവതികളുടേതെന്ന് കരുതുന്ന ചെരിപ്പുകളും തൂവാലയും ലഭിച്ചിട്ടുണ്ട്.