ശബരിമല: വൃശ്ചികപ്പുലരിയിൽ തിരക്കൊഴിഞ്ഞ സന്നിധാനം ശബരിമലയുടെ തീർത്ഥാടന ചരിത്രത്തിൽ ഇതാദ്യം. മുൻകാലങ്ങളിൽ നട തുറക്കുമ്പോൾ വലിയ നടപ്പന്തലിൽ ഫ്ളൈ ഓവറും നിറഞ്ഞുനിന്ന തീർത്ഥാടകരുടെ സ്ഥാനത്ത് ഇക്കുറി ഇരുന്നൂറിൽ താഴെ പേർ മാത്രമാണ് ദർശനത്തിനെത്തിയത്. പുലർച്ചെ 2.30 ഓടെയാണ് പമ്പയിൽ നിന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്. നാല് മണിയോടെ ഭക്തർ സന്നിധാനത്ത് എത്തിത്തുടങ്ങി. 18ാം പടിക്ക് താഴെ മുതൽ വലിയ നടപ്പന്തൽ വരെ നിശ്ചിത അകലത്തിൽ തീർത്ഥാടകർ കാത്തുനിന്നു. 5 മണിക്ക് നട തുറന്ന് ദീപം തെളിച്ചതോടെയാണ് തീർത്ഥാടകരെ ഒന്നൊന്നായി 18ാം പടി കടക്കാൻ അനുവദിച്ചത്. ഫ്ളൈഓവറിൽ പ്രവേശിപ്പിക്കാതെ കൊടിമരച്ചുവട്ടിൽ നിന്ന് വലത്തേക്ക് തിരിച്ചുവിട്ട് ശ്രീകോവിലിന് മുന്നിൽ ദർശനത്തിനായി നിർമ്മിച്ചിട്ടുള്ള മൂന്ന് ലൈനുകളിൽ ഒന്നിലും മൂന്നിലും കൂടി മാത്രം തീർത്ഥാടകരെ പ്രവേശിപ്പിച്ചു.
തിക്കിത്തിരക്കാതെ, പൊലീസിന്റെ ഉന്തും തള്ളലും ഏറ്റുവാങ്ങാതെ മനം നിറച്ച് അയ്യപ്പനെ കാണാൻ ലഭിച്ച ഭാഗ്യവും തീർത്ഥാടന കാലത്തെ വേറിട്ട അനുഭവമായി. അഷ്ടാഭിഷേകം, തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതി ഹോമം എന്നീ ചടങ്ങുകളോടെയാണ് 41 നാൾ നീണ്ടുനിൽക്കുന്ന മണ്ഡലകാല മഹോത്സവത്തിന് തുടക്കമായത്. തീർത്ഥാടകരുടെ എണ്ണം സാധാരണ ദിവസങ്ങളിൽ ആയിരവും ശനി, ഞായർ ദിവസങ്ങളിൽ 2000വുമായി പരിമിതപ്പെടുത്തിയാൽ വർഷങ്ങളായി പ്രധാന സീസണിൽ നിറുത്തി വച്ചിരുന്ന ഉദയാസ്തമന പൂജയ്ക്ക് തുടക്കമായി. ഇതിനെ തുടർന്ന് രാവിലെ 8 മുതൽ 9 വരെ തീർത്ഥാടകരെ പതിനെട്ടാം പടി ചവിട്ടാൻ അനുവദിച്ചില്ല. ഈ സമയം ദർശനത്തിനെത്തുന്നവർ വലിയ നടപ്പന്തലിൽ നിശ്ചിത അകലത്തിൽ വിശ്രമിക്കണം.
ഇന്നലെ രാവിലെ 10 മണിയോടെ ബുക്ക് ചെയ്ത ആയിരം പേരിൽ 800 പേർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവർ വൈകുന്നേരത്തോടെ എത്തുമെന്നാണ് കരുതുന്നത്. ആദ്യ ദിവസം 10,000 ടിൻ അരവണയും 5000 കവർ അപ്പവുമാണ് നിർമ്മിക്കുക. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെമ്പർമാരായ അഡ്വ.കെ.എസ്. രവി , അഡ്വ.എൻ.വിജയകുമാർ, ദേവസ്വം കമ്മിഷണർ ഡോ. ബി. എസ്. തിരുമേനി, സ്പെഷ്യൽ കമ്മിഷണർ എം. മനോജ് എന്നിവർ ശബരിമലയിൽ എത്തിയിട്ടുണ്ട്. തീർത്ഥാടകർക്ക് നിയന്ത്രണം ഉള്ളതിനാൽ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ദേവസ്വം ജീവനക്കാരും ദിവസവേതനക്കാരും ഉൾപ്പെടെ പമ്പ, നിലയ്ക്കൽ, ശബരിമല എന്നിവിടങ്ങളിലായി 500 ജീവനക്കാർ മാത്രമാണുള്ളത്.
മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീർത്ഥാടകരുടെ എണ്ണം കൂട്ടുന്ന കാര്യം നിലവിലെ സാഹചര്യത്തൽ പൊലീസും ആരോഗ്യവകുപ്പും വിശദമായ പഠനം നടത്തിയ ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് സന്നിധാനം ഗസ്റ്റ് ഗൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. സർക്കാർ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും കടകംപള്ളി പറഞ്ഞു. ഇത് ശബരിമലയെ തകർക്കാനുള്ള ശ്രമമാണെന്ന് സംശയിക്കണമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.