poonthur-siraj

തിരുവനന്തപുരം: പി ഡി പിയിൽ നിന്ന് ഐ എൻ എല്ലിൽ ചേർന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിക്കാനുളള പൂന്തുറ സിറാജിന്റെ നീക്കത്തിന് തിരിച്ചടി. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പാർട്ടി മാറി വന്നതിനാൽ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ലെന്നാണ് എൽ ഡി എഫിന്റെ നിലപാട്. പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഐ എൻ എല്ലിന് സി പി എം നിർദേശം നൽകി.

എൽ ഡി എഫ് സ്ഥാനാർത്ഥിയായി പൂന്തുറ സിറാജിനെ മത്സരിപ്പിക്കില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. 'അയാൾ ഒറ്റയ്‌ക്ക് മത്സരിക്കുന്നെങ്കിൽ മത്സരിക്കട്ടെ. പൂന്തുറ സിറാജിനെ എൽ ഡി എഫ് സ്ഥാനാർത്ഥിയാക്കില്ല. എൽ ഡി എഫിന് അവിടെ മറ്റൊരു സ്ഥാനാർത്ഥിയുണ്ടാകും' എന്നായിരുന്നു ആനാവൂർ നാഗപ്പന്റെ പ്രതികരണം.

പി ഡി പിയുടെ സംസ്ഥാനത്തെ മുഖമായി അറിയപ്പെട്ടിരുന്ന പൂന്തുറ സിറാജ് ശനിയാഴ്ചയാണ് പാർട്ടി വിട്ട് ഐ എൻ എല്ലിൽ ചേർന്നത്. അംഗത്വം ഏറ്റുവാങ്ങിയ ആ നിമിഷം തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. കൃത്യമായ കാരണമൊന്നുമില്ലാതെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുകയെന്ന ലക്ഷ്യം മാത്രം വച്ചായിരുന്നു സിറാജിന്റെ പാർട്ടി മാറ്റമെന്നാണ് എൽ ഡി എഫ് വിലയിരുത്തൽ.

കോർപ്പറേഷനിൽ ഐ എൻ എല്ലിനുളള ഏക സീറ്റായ മാണിക്യവിളാകത്ത് സിറാജിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ഐ എൻ എല്ലിന്റെ തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സീറ്റ് മോഹിച്ചെത്തിയ സിറാജിനെ അംഗീകരിക്കാനാവില്ലന്നും മറ്റൊരാളെ കണ്ടെത്തി ഉടൻ നിർദേശിക്കാനും എൽ ഡി എഫ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സിറാജിന് പി ഡി പിയുമില്ല സീറ്റുമില്ലാത്ത അവസ്ഥയായിരിക്കുകയാണ്.