പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, യു.എസ് വിദേശമന്ത്രി മൈക്ക് പോംപിയോയും പ്രതിരോധമന്ത്രി മാർക്ക് എസ്പറും ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നടത്തിയ സന്ദർശനം അമേരിക്കയുടെ പുതിയ 'ഇന്തോ പസഫിക് " ചായ്വിന്റെ സൂചനയായിരുന്നു. ശ്രീലങ്കയേയും മാലിദ്വീപിനേയും സ്വാധീനിക്കാൻ ശ്രമിക്കുന്ന ചൈന മറ്റ് രാജ്യങ്ങളുമായി (ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം) കലഹിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ ചൈനയ്ക്കുള്ള മുന്നറിയിപ്പാണ് യു.എസ് മന്ത്രിമാരുടെ ഏഷ്യാ സന്ദർശനം.
എന്നാൽ ഈ നിലപാടിൽ അമേരിക്ക ഉറച്ച് നില്ക്കുമോ എന്ന് സംശയിക്കണം. കാരണം പ്രസിഡന്റ് ഒബാമ 2011 ൽ 'ഏഷ്യയിലേക്ക് തിരിയുമെന്ന് (pivot to asia)" പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൈന തെക്കൻ ചൈനാ കടൽ മുഴുവൻ പിടിച്ചടക്കിയപ്പോൾ അമേരിക്ക ഒന്നും ചെയ്തില്ല. ഇത് അവിശ്വസനീയതയോടെയാണ് ഏഷ്യക്കാർ നോക്കി നിന്നത്. ഫലത്തിൽ, ഒബാമ ഏഷ്യയെ ചതിച്ചെന്ന് പറയാം. ഇത് അദ്ദേഹത്തിന്റെ ഗുരുതരമായ വിദേശനയ വീഴ്ചയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മറ്റൊന്നാണ്. കൊവിഡ്, ചൈനയുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കൽ, ചൈന കൂടുതൽ ആക്രമണകാരിയാകുന്നത് എന്നീ ഘടകങ്ങൾ നിലവിലുണ്ട്. ചൈനയോട് രൂക്ഷമായി പ്രതികരിക്കണമെന്ന കാര്യത്തിൽ അമേരിക്കയിലെ ഇരുപാർട്ടികളും തമ്മിൽ ഐക്യമുണ്ട്.
ദക്ഷിണ ചൈനാ കടലിൽ മാത്രമല്ല, തായ്വാൻ കടലിടുക്ക്, സെൻകാക്കു ദ്വീപുകൾ, ഇന്ത്യ- ടിബറ്റ് അതിർത്തി എന്നിവിടങ്ങളിലും ചൈനയുടെ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ, ചൈനയെ നിയന്ത്രിക്കാൻ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി കൂട്ടുകെട്ട് സൃഷ്ടിക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. യു.എസ്, ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ എന്നിവ ഉൾപ്പെടുന്ന ക്വാഡാണ് ഇതിന് ഏറ്റവും മികച്ച ഉദാഹരണം.
2007 ന് ശേഷം ആദ്യമായി ഈ മാസം ക്വാഡിലെ നാല് രാജ്യങ്ങളും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നടക്കുന്ന മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കും. ചൈനയെ പേടിച്ച് 2007ൽ ഈ ഗ്രൂപ്പിൽ നിന്ന് ആസ്ട്രേലിയ പുറത്തുപോയിരുന്നു. ആസ്ട്രേലിയയെ തിരികെ പ്രവേശിപ്പിക്കാൻ ഇന്ത്യയ്ക്ക് വളരെ നാൾ വിമുഖതയുണ്ടായിരുന്നു. എന്നാൽ 2020 ൽ അവരെ തിരികെ പ്രവേശിപ്പിച്ചു. ചേരിചേരാ നയം പ്രഖ്യാപിച്ചിരുന്ന ഇന്ത്യ ഇപ്പോൾ ഔപചാരിക ഉടമ്പടിയില്ലെങ്കിലും, യുഎസുമായി സഖ്യം ചേരുന്നതായാണ് കണ്ടുവരുന്നത്. ഒക്ടോബർ 27 ലെ മീറ്റിംഗിൽ അമേരിക്ക വാചാലരായിരുന്നു. 'ഈ നൂറ്റാണ്ടിൽ ഇന്തോപസഫിക്കിൽ യു.എസിന്റെ ഏറ്റവും പ്രധാന പങ്കാളിയാകും ഇന്ത്യ" എന്നാണ് മാർക്ക് എസ്പർ, പറഞ്ഞത്.
മൈക്ക് പോംപിയോ പറഞ്ഞത് - 'നമ്മൾ ജനാധിപത്യ രാജ്യങ്ങൾ സ്വതന്ത്ര ലോകത്തെ സംരക്ഷിക്കുന്നതിനായി വലിയ കാര്യങ്ങൾ ചെയ്യുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും സുതാര്യതയ്ക്കും ജലഗതാഗത ( freedom of navigation ) സ്വാതന്ത്ര്യത്തിനും പ്രാധാന്യം കല്പിക്കുന്നില്ല." എന്നാണ്.
അമേരിക്ക ഇത്ര വാചാലരായെങ്കിലും ഇന്ത്യയ്ക്ക് അത്ര മനസ് തുറന്നില്ല. കാരണം ഒരു വൻശക്തിയുമായുള്ള അടുപ്പത്തിൽ ധൃതരാഷ്ട്ര ആലിംഗനത്തോളം കടുപ്പമുള്ള അപകടം ഒളിഞ്ഞിരിപ്പുണ്ട്. എന്നിരുന്നാലും, ഒരു പ്രധാന കരാറിൽ ഇന്ത്യ ഒപ്പുവച്ചു, BECA ( basic exchange and cooperation agreement ) ആണ് ഈ കരാർ. ഇത് വഴി അമേരിക്കയുമായി സാറ്റലൈറ്റ് ഡാറ്റ ഉൾപ്പെടെയുള്ള സിഗ്നൽ ഇന്റലിജൻസ് കൈമാറ്റം ഇന്ത്യയ്ക്ക് സാദ്ധ്യമാകുന്നു. മാത്രമല്ല, അമേരിക്ക പങ്കാളിയായ ഫൈവ് ഐസ് (യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലാൻഡ് ) എന്നിവരും ജപ്പാനും ഇന്ത്യയും തമ്മിൽ വാട്ട്സ് ആപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ഇന്റർനെറ്റ് ആപ്ലിക്കേഷനുകളിൽ നിന്ന് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറാനുള്ള ഒരു ധാരണാപത്രവും പുറപ്പെടുവിച്ചിരുന്നു.
കൂടാതെ, വിവിധ മേഖലകളിൽ പല കരാറുകളിലും ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു. (റിസർച്ച് ഫെലോ, ഹെറിറ്റേജ് ഫൗണ്ടേഷൻ ജെഫ് സ്മിത്തിന്റെ വെളപ്പെടുത്തൽ) കൊവിഡ് 19 പ്രതിരോധ സഹകരണം, വിതരണ ശൃംഖല വിപുലീകരണം, അഫ്ഗാനിസ്ഥാനിലെ സഹകരണം, ബഹുരാഷ്ട്ര സമാധാന പരിപാലനം, പുതിയ ചതുർഭുജ നാവികാഭ്യാസങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ' ബ്ലൂ ഡോട്ട് നെറ്റ്വർക്കിന് "പിന്തുണ, തന്ത്രപരമായ ഊർജ്ജ പങ്കാളിത്തം, യു.എസ് - ഇന്ത്യ പ്രകൃതി വാതക ടാസ്ക് ഫോഴ്സ്, സിവിൽ ന്യൂക്ലിയർ സഹകരണം, പ്രത്യേക സേനയുടെ സഹകരണം (special forces), സൈബർ സുരക്ഷ, ഭീകരവിരുദ്ധത, മയക്കുമരുന്ന് വിരുദ്ധ , ബഹിരാകാശ സഹകരണം എന്നിവ സംബന്ധിച്ച വർക്കിംഗ് ഗ്രൂപ്പുകൾ. " എന്നിവയാണ് ആ കരാറുകൾ.
ചൈനയുടെ അക്രമം കാരണം ഇന്ത്യ അമേരിക്കയുമായി ആശ്ളേഷത്തിന് ഒരുങ്ങുകയാണ്. എന്നാൽ സൂക്ഷിക്കണം, പ്രശസ്തനായ അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹെന്റി കിസിംജർ ഒരിക്കൽ പറഞ്ഞു, 'അമേരിക്കയുടെ ശത്രുവായിരിക്കുന്നത് അപകടകരമാണ്, പക്ഷേ അമേരിക്കയുടെ ചങ്ങാതിയാകുന്നത് മാരകമാണ്.' അമേരിക്കയുമായുള്ള ഇന്ത്യയുടെ ഈ അടുപ്പം എന്ത് തരത്തിലാകുമെന്ന് കണ്ടറിയണം.