ബൽറാംപൂർ: കഷ്‌ടിച്ച് ഒരു കാറിന് ഞെരുങ്ങി മുന്നോട്ട് നീങ്ങാവുന്ന ഇടുങ്ങിയ വഴി. ചെന്നെത്തുന്നത് ആസ്‌ബസ്‌റ്റോസ് മേൽക്കൂരയുളള സിമന്റ് പൂശാത്ത ചുമരും ചെളികൊണ്ട് മെഴുകിയ തറയുമുളള കുറേ ചെറിയ വീടുകൾക്ക് സമീപത്തേക്കാണ്. വഴിയുടെ ഇരുവശവും ഉളള കുഞ്ഞുവീടുകളിലൊന്ന് 50,000ത്തിലേറെ വോട്ടുകൾക്ക് എതിരാളിയെ തറപറ്റിച്ച ഒരു കമ്മ്യൂണിസ്‌റ്റ് നേതാവിന്റെയാണ്. ബൽറാംപൂർ മണ്ഡലത്തിലെ എം.എൽ.എയും സി.പി.ഐ എം.എൽ(എൽ) നേതാവുമായ മെഹ്‌ബൂബ് അലമിന്റെയാണത്.
വികാസ്‌ശീൽ ഇൻസാൻ പാർട്ടിയുടെ ബരുൺ കുമാർ ഛായെയാണ് വലിയ ഭൂരിപക്ഷത്തിൽ മെഹ്‌ബൂബ് അലം പരാജയപ്പെടുത്തിയത്. വീടിന് മുന്നിൽ പ്ളാസ്‌റ്റിക് കസേരകൾ നിരത്തിയിട്ടുണ്ട്. എം.എൽ.എയെ കാണാനെത്തുന്നവർക്ക് ഇരിക്കാനാണിത്. പരിമിതമായ ചുറ്റുപാടിൽ നിന്നും വിജയിച്ച ഈ യഥാർത്ഥ കമ്മ്യൂണിസ്‌റ്റ് നേതാവിന്റെ വിശേഷങ്ങൾ ഇപ്പോൾ ഇന്ത്യയാകെ അറിയപ്പെടുന്നുണ്ട്. സഹോദരിയുടെ കുട്ടിയെ മടിയിലുത്തി വീട്ടുമുറ്റത്ത് ഇരിക്കുന്ന മെഹ്ബൂബിന്റെ ചിത്രം ഇപ്പോൾ വളരെ ചർച്ചകൾക്ക് വിധേയമായി കഴിഞ്ഞു.
ഇലക്ഷൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ അതിൽ നിന്ന് ലഭിച്ച അലമിന്റെ വിവരങ്ങൾ ഇങ്ങനെയാണ്. 64 വയസ്. നാലും ഒൻപതും വയസായ രണ്ട് കുട്ടികളുണ്ട്. അവർ സർക്കാർ സ്‌കൂളുകളിലാണ് പഠിക്കുന്നത്. ബാങ്കിലുളളത് 30,000 രൂപ മാത്രം. ഒൻപത് ലക്ഷം രൂപയുടെ ഭൂമി സ്വന്തമായുണ്ട്. ഒരു അപകടശേഷം ഉപയോഗ ശൂന്യമായ സ്‌കോർപിയോ കാറും സ്വന്തമായുണ്ട്. ഇത് നാലാമത് തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2015ലാണ് ഒടുവിൽ വിജയിച്ചത്.
തന്റെ ജീവിതം ലളിതമാണെന്നും ഇത് കമ്മ്യൂണിസമല്ലെന്നും രാഷ്‌ട്രീയ ആദർശമാണെന്നും അലം മാദ്ധ്യമങ്ങളോട് പറയുന്നു. എന്നാൽ കേസുകളും കുറവല്ല എം.എൽ.എയ്‌ക്ക്. പത്തോളം കേസുകളാണ് മെഹ്‌ബൂബ് അലമിനെതിരെയുളളത്. ഇതിൽ കൊലപാതക കേസുമുണ്ട്. എന്നാൽ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും കൃഷിക്കാർക്ക് ഭൂമിക്കായി നടത്തിയ സമരങ്ങളാണ് കേസിന് കാരണമെന്നും സ്വയം പ്രതിരോധിക്കാനുളള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും അലം പറയുന്നു.
അടിസ്ഥാന വർഗ തൊഴിലാളികളായ റെയിൽവെ സ്‌റ്റേഷൻ ജീവനക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവരുടെ രക്ഷയ്‌ക്കും വെളളപ്പൊക്കത്തിൽ എല്ലാം നഷ്‌ടമായവർക്കും ഭൂരിപക്ഷം വരുന്ന മുസ്ളിം സമുദായത്തിൽ പെട്ടവർക്ക് പൗരത്വഭേദഗതി ബില്ല് കാരണമുളള ആശങ്കകൾ അകറ്റാനുമാകും ഇത്തവണ തന്റെ പ്രവർത്തനമെന്ന് അലം അറിയിച്ചു.
എസ്.എഫ്.ഐയിലൂടെ വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ തുടങ്ങിയ അലമിന്റെ പൊതുപ്രവർത്തനം ഇപ്പോൾ പതിറ്റാണ്ടുകൾ പിന്നിടുന്നു. ബർസോയി മേഖലയിലെ യാത്രാക്ളേശം പരിഹരിക്കാൻ പാലങ്ങൾ,കർഷകർക്ക് ഭൂമിയിലെ ജോലിക്ക് പണം നൽകുക, ആശുപത്രികൾ നിർമ്മിക്കുക എന്നിവയൊക്കെയാണ് താൻ നിയമസഭയിൽ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ എന്ന് അലം പറയുന്നു.
ആകെ 12ഓളം സീറ്റുകളിലാണ് സി.പിഎെ എം.എൽ(എൽ) വിജയിച്ചത്. അലം ഒഴികെ മറ്റുളളവർ ഭൂരിഭാഗവും യുവാക്കളാണ്. 33 വയസുകാരനായ സന്ദീപ് സൗരവ് മുൻ ജെ.എൻ.യു വിദ്യാർത്ഥിയാണ്. ജെ.എൻ.യു വിദ്യാർത്ഥിയൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. ആദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതും എതിരാളിയുടെ ഇരട്ടി വോട്ട് നേടി.
പാലിഗഞ്ജിൽ നിന്നും സന്ദീപ് നേടിയത് 67,917 വോട്ടുകളാണ്. തൊട്ടടുത്ത എതിരാളി ജെ.ഡി.യുവിന്റെ ജയ് വർദ്ധൻ യാദവിന് നേടാനായത് 37,002 വോട്ടുകൾ മാത്രമാണ്. അവഗണിക്കപ്പെട്ട പാവങ്ങൾക്കായും യുവാക്കൾക്ക് ജോലിക്കായും പ്രവർത്തിക്കാനാണ് സന്ദീപിന്റെ തീരുമാനം. സ്വകാര്യവൽക്കരണത്തിനെതിരെ നടത്തിയ സമരങ്ങളിലൂടെയാണ് പാർട്ടി ഇത്രയധികം നേട്ടമുണ്ടാക്കിയതെന്ന് പാർട്ടി ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ അറിയിച്ചു. മാത്രമല്ല തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആറുപേർക്ക് പ്രായം 35 വയസിൽ താഴെയാണ്.
ഭോജ്‌പൂർ അജിയാലോൺ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മനോജ് മൻസിൽ എന്ന 37 കാരൻ ആകെ പോൾ ചെയ്‌തതിൽ 61 ശതമാനം വോട്ടുകളും കരസ്ഥമാക്കി. നാമനിർദ്ദേശ പത്രികയിൽ നൽകിയ വിവരമനുസരിച്ച് മൂന്ന് ലക്ഷം രൂപയാണ് ആകെയുളള വരുമാനം. സ്‌കൂളുകളുടെ നില പരിഷ്‌കരിക്കാനും സംസ്ഥാനത്ത് ദേശീയതലത്തിൽ പിന്നിലായ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും താൻ പരിശ്രമിക്കുമെന്ന് മനോജ് പറയുന്നു. വിവിധ സമരങ്ങളിൽ പങ്കെടുത്തതിന്റെ ഭാഗമായി മനോജ് മൻസിലിന്റെ പേരിൽ പത്തോളം കേസുകളുണ്ട്. അലമിനെ പോലെ തനിക്കെതിരെയും ഗൂഢാലോചനയുടെ ഫലമായി എടുത്ത കേസുകളാണ്. കർഷകർക്കായി നടത്തിയ വിവിധ സമരങ്ങളാണ് ഈ കേസുകൾക്ക് ആസ്‌പദമായുളളത്. മനോജ് പറയുന്നു.
റവല്യൂഷനറി യൂത്ത് അസോസിയേഷൻ പ്രസിഡന്റായ 32 വയസുകാരൻ അജിത് കുമാർ സിംഗ് കുശ്‌വാഹ തെക്കൻ ബീഹാറിലെ ദുംറാവോൺ മണ്ഡലത്തിലെ എം.എൽ.എയാണ്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ അജിത് കുമാർ സജീവമായി രംഗത്തുണ്ടായിരുന്നു. ഈ പരിചയം വോട്ടായി മാറി ഫലമോ ജനതാദൾ യുണൈറ്റഡിന്റെ എതിരാളിയെക്കാൾ 14 ശതമാനം കൂടുതൽ വോട്ട് അജിത് നേടി. ആറ് തവണ ആർ.ജെ.ഡി വിജയിച്ച മണ്ഡലത്തിൽ ഇത്തവണ നൽകിയ സീറ്റ് സി.പി.ഐ എം.എൽ(എൽ) സ്ഥാനാർത്ഥിയായ അജിത് നഷ്‌ടപ്പെടുത്തിയില്ല എന്ന് മാത്രമല്ല മഹാഗഡ്‌ബന്ധന്റെ മാനവും കാത്തു.