ന്യൂഡൽഹി: നാലാംവട്ടവും ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് അധികാരമേൽക്കുമെങ്കിലും മുൻ വർഷങ്ങളെപ്പോലെ ഭരണം അദ്ദേഹത്തിന്റെമാത്രം വരുതിയിൽ നിൽക്കില്ല. എല്ലാം ബി ജെ പി തീരുമാനിക്കും. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിതീഷിന് അവ നടപ്പാക്കേണ്ടിവരും. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾത്തന്നെ ഇക്കാര്യം ഏറക്കുറെ വ്യക്തമായതാണെങ്കിലും മന്ത്രിസഭയിൽ ബി ജെ പി രണ്ട് ഉപമുഖ്യമന്ത്രിമാരെ പ്രതിഷ്ഠിച്ചതോടെ കാര്യങ്ങൾ പൂർണമായി വ്യക്തമായി. ഇടം വലം തിരിയാനാവാതെ ബി ജെ പി നിതീഷിനെ വലിഞ്ഞുമുറുക്കിയിരിക്കുകയാണെന്ന് വ്യക്തം. നേരത്തേ ഉത്തർപ്രദേശിലും രണ്ട് ഉപമുഖ്യമന്ത്രിമാർ എന്ന തന്ത്രം ബി ജെ പി പയറ്റിനോക്കിയിരുന്നു.
ബി ജെ പി പാർലമെന്ററി പാർട്ടി നേതാവ് താർകിഷോർ പ്രസാദും, പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി നേതാവ് രേണു ദേവിയുമാണ് ബീഹാറിലെ രണ്ട് ഉപമുഖ്യമന്ത്രിമാർ. ഇതിനൊപ്പം ബി ജെ പിയിൽ നിന്ന് കൂടുതൽ ക്യാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. അതോടെ ശരിക്കും ചക്രവ്യൂഹത്തിൽ അകപ്പെട്ട അവസ്ഥയിലാവും നിതീഷ്.പ്രധാന വകുപ്പുകൾ പോലും ചിലപ്പോൾ നിതീഷിനോ അദ്ദേഹത്തിന്റെ പാർട്ടിയിലെ എം എൽ എമാർക്കോ കിട്ടിയേക്കില്ല. ബീഹാറിൽ മുഖ്യമന്ത്രി നിതീഷ്കുമാർ ആണെങ്കിലും അദ്ദേഹത്തെ നിയന്ത്രിക്കുക വേറെ ആരെങ്കിലുമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് താരീഖ് അൻവർ. കഴിഞ്ഞദിവസം പരിഹസഹിച്ചിരുന്നു.
തിരഞ്ഞെടുപ്പിൽ ബി ജെ പിയെക്കാൾ സീറ്റുകൾ കുറഞ്ഞതോടെയാണ് നിതീഷിന് കഷ്ടകാലം തുടങ്ങിയത്. നിതീഷിന്റെ പാർട്ടിയെ ബി ജെ പി മനപൂർവം ഒതുക്കുന്നു എന്ന ആരോപണം തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉണ്ടായിരുന്നു. വെറും പാവമുഖ്യമന്ത്രിയാക്കിയതോടെ ഇക്കാര്യം കൂടുതൽ വ്യക്തമായെന്നുമാണ് നിതീഷിന്റെ പാർട്ടിക്കാർ തന്നെ പറയുന്നത്. ബി.ജെ.പി ഗൂഢാലോചന നടത്തി അദ്ദേഹത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചു എന്ന കോൺഗ്രസിന്റെ ആരോപണത്തെയും അവർ ശരിവയ്ക്കുന്നു.