s

വീരശൂര പരാക്രമിയായ രാവണൻ ത്രിമൂർത്തികൾ ഒഴികെയുള്ള ദേവന്മാരെയൊക്കെ വരച്ചവരയിൽ നിറുത്തി അപരാജിതനായി അഹങ്കരിച്ചു നടക്കുന്നകാലം. ഇങ്ങനെ നടക്കുന്ന വേളയിൽ മിഥിലയുടെ ഒരു കാനന പ്രദേശത്ത് തപസനുഷ്ഠിക്കുന്ന ദേവവതിയെ കാണാനിടയായി. ദേവവതിയുടെ സൗന്ദര്യത്തിൽ ആകൃഷ്‌ടനായ രാവണൻ ദേവവതിയോട് പ്രേമാഭ്യർത്ഥന നടത്തി. രൂക്ഷമായ ഒരു നോട്ടമായിരുന്നു ദേവവതിയുടെ മറുപടി. '' ഇവളുടെ സമ്മതം ആർക്ക് വേണം" എന്നു ചിന്തിച്ചരാവണൻ ദേവവതിയെ കടന്നുപിടിച്ചു. ദേവവതി ഒരുവിധത്തിൽ സർവശക്തിയുമെടുത്ത് രാവണന്റെ പിടിയിൽ നിന്നും കുതറിമാറി. രാവണന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട ദേവവതി '' ഇവൻ സ്‌പർശിച്ച ശരീരം ഇനി എനിക്കാവശ്യമില്ല" എന്നും തീരുമാനിച്ച് രാവണന്റെ മുമ്പിൽ വച്ച് ഒരു ചിത തയ്യാറാക്കി. ഇവൾ എന്താ ചെയ്യുകയെന്ന നിസാരഭാവത്തിൽ രാവണൻ നോക്കി നിന്നു. ചിതയ്‌ക്ക് തീ കൊളുത്തിയശേഷം അതിലേക്ക് കയറിയ ദേവവതി ചിതയിൽ നിന്നുകൊണ്ട് '' ഒരു സ്ത്രീയായ എനിക്ക് ഇപ്പോൾ നേരിടാനുള്ള ശക്തിയില്ല. എങ്കിലും എന്റെ അടുത്തജന്മത്തിൽ ഞാൻ മൂലം ആയിരിക്കും നിന്റെ നാശം" എന്ന് വിളിച്ചുപറഞ്ഞ് ദേവവതി ഭസ്‌മമായി.

'' ഇതെന്തു കഷ്‌ടമായി" എന്നു ചിന്തിച്ച രാവണൻ കൈയിൽ കിട്ടിയ ഒരു ഇര നഷ്‌ടപ്പെട്ടതിൽ അതിയായി ദുഃഖിച്ചു നിന്നു. ദേവവതിയുടെ രൂപലാവണ്യം അവന്റെ മനസിൽ നിന്നും മായുന്നില്ല. ''ഛേ ഇനി എന്താ ചെയ്യുക " ദേവവതിയുടെ ചിത അണഞ്ഞു തണക്കുന്നതു വരെ പലതും ചിന്തിച്ചു നിന്നുപോയി. ഒടുവിൽ ''അവളെയോ കിട്ടിയില്ല അവളുടെ ചിതാഭസ്‌മമെങ്കിലും കൊണ്ടുപോകാം " എന്ന നിലയിലായി. വനത്തിൽ നിന്നും ഒരു വലിയ ഇല വെട്ടിയെടുത്ത രാവണൻ ചിതാഭസ്‌മം മുഴുവൻ വാരി ഇലയിലിട്ട് പൊതിഞ്ഞുകൊണ്ടുപോയി. ലങ്കയിലെത്തിയ രാവണൻ ഒരു സ്വർണപ്പെട്ടി പണിയിച്ച് ചിതാഭസ്‌മം അതിനുള്ളിലാക്കി സ്വകാര്യമായ ഒരു സ്ഥലത്ത് സൂക്ഷിച്ചു. ദേവവതിയെ ഓർമവരുമ്പോഴൊക്കെ മറ്റാരും ശ്രദ്ധിക്കാതെ രാവണൻ ഈ സ്വർണപ്പെട്ടിയുടെ സമീപം വരികയും കുറേ സമയം പെട്ടിയുടെ സമീപം നിന്നശേഷം തിരികെ പോകുന്നതും പതിവായി.

ചിതാഭസ്‌മം പെട്ടിയിലാക്കി വച്ചതിന്റെ അടുത്തദിവസം മുതൽ ലങ്കയിൽ പല ദുർനിമിത്തങ്ങളും ഉണ്ടാകാൻ തുടങ്ങി. ഓരോ ദിവസം കഴിയുന്തോറും ദുരന്തങ്ങളുടെ എണ്ണവും കാഠിന്യവും വർദ്ധിക്കാൻ തുടങ്ങി. കാരണമെന്തെന്ന് ആർക്കും മനസിലാക്കാൻ കഴിഞ്ഞില്ല. ഏതുനിമിഷവും അപകടങ്ങളോ ശിശുമരണങ്ങളോ അഗ്നിബാധയോ ഉണ്ടാകുമെന്ന സ്ഥിതിയായി. രാവണനും ചിന്തികുഴപ്പത്തിലായി. ഈ പരിതസ്ഥിതിയിൽ ലോകയാത്രക്കിടയിൽ നാരദമഹർഷി രാവണനെ സന്ദർശിക്കാനായി ലങ്കയിലെത്തി. നാരദനെകണ്ട മാത്രയിൽ രാവണൻ ഓടിയെത്തി താണുവീണ് നമസ്‌കരിച്ചു. രാവണന്റെ ഭാവമാറ്റം മഹർഷി ശ്രദ്ധിച്ചു. മഹർഷിക്ക് ഉചിതമായ ഒരു പീഠം നൽകിയശേഷം ലങ്കയുടെ ഇപ്പോഴത്തെ സ്ഥിതി രാവണൻ വിഷമത്തോടെ അവതരിപ്പിച്ചു. രാവണൻ പറഞ്ഞതൊക്കെ ക്ഷമയോടെ കേട്ടിരുന്ന മഹർഷി കുറേനേരം നിശബ്‌ദനായി ഇരുന്നു. തുടർന്ന് '' ദശമുഖാ, ചിതാഭസ്‌മം അടങ്ങിയ ഒരു പെട്ടി ലങ്കയിൽ പെട്ടിരിക്കുന്നു. ആ പെട്ടി ലങ്കയിൽ ഉള്ളിടത്തോളം ഇപ്പോഴുണ്ടാകുന്ന ദുർനിമിത്തങ്ങൾക്ക് അവസാനമുണ്ടാകില്ല. ആ പെട്ടിയും ചിതാഭസ്‌മവും നശിപ്പിക്കാതെ ലങ്കക്കപ്പുറത്ത് എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് ഏക പ്രതിവിധി." ഇത്രയും അറിയിച്ചശേഷം നാരദൻ യാത്രയായി.

പെട്ടിയും ചിതാഭസ്‌മവും എന്ന് കേട്ടപാടേ മഹർഷി പറഞ്ഞതിന്റെ പൊരുൾ പിടികിട്ടി. ഉടൻ തന്നെ പെട്ടിയെടുത്ത് ദൂരെ കടലിലൊഴുക്കാൻ ഭടന്മാരെ ചുമതലപ്പെടുത്തി. ഭടന്മാർ പെട്ടികൊണ്ടുപോയി സമുദ്രത്തിന്റെ പകുതിദൂരവും പിന്നിട്ടെന്ന് ബോധ്യമായപ്പോൾ സമുദ്രത്തിലെറിഞ്ഞിട്ട് തിരികെ ലങ്കയിലെത്തി. തിരമാലകളിൽ പെട്ട് പെട്ടി ഭാരതതീരത്തണഞ്ഞു. കടൽത്തീരത്ത് നിന്നിരുന്ന ഏതാനും പേർ പെട്ടി ഒഴുകി വരുന്നതുകണ്ടു. അവർ ഓടിയെത്തി പെട്ടി പിടിച്ചെടുത്ത് വിജനമായ ഒരു സ്ഥലത്തെത്തി പെട്ടി തുറക്കാൻ ശ്രമിച്ചു വളരെനേരം ശ്രമിച്ചെങ്കിലും പെട്ടി തുറക്കാൻ അവർക്കായില്ല. ഒരാൾ '' ഈ പെട്ടി കടലിൽ ഒഴുകി വന്നതല്ലേ, ചിലപ്പോൾ വല്ല ഭൂതത്തെയും പെട്ടിയിലാക്കി കടലിലെറിഞ്ഞതാകാം. നമുക്കീപെട്ടി ജനവാസമില്ലാത്ത എവിടെയെങ്കിലും കുഴിച്ചിടാം. പെട്ടി തുറന്ന് പൊല്ലാപ്പു പിടിക്കണ്ട." എന്നു പറഞ്ഞു. ഈ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമായി. അവർ പെട്ടിയുമായി ആൾതാമസമില്ലാത്ത ഒരു നദിക്കരയിലെത്തി ഒരു കുഴിയെടുത്ത് പെട്ടി അതിലിട്ട് മൂടിയശേഷം അവരവരുടെ വഴിക്കുപോയി.

മിഥിലയുടെ മണ്ണിലെത്തിയതോടെ പെട്ടിയിലുണ്ടായിരുന്ന ചിതാഭസ്‌മം ഒരുമിച്ച് ചേർന്ന് ഒരു പെൺകുട്ടിയുടെ രൂപം പ്രാപിച്ച് ജീവൻ വച്ചു. ഇതേസമയം ധാരാളം ഋത്വിക്കുകൾ പങ്കെടുക്കേണ്ട അതിവിപുലമായ ഒരുയാഗം നടത്താൻ ജനകൻ തീരുമാനിച്ചിരുന്നു. അതിവിശാലമായ യാഗശാല നിർമ്മിക്കുന്നതിന് ജനവാസമില്ലാതെ കിടന്ന നദീതീരം ജനകൻ തിരഞ്ഞെടുത്തു. അനേകം ജോലിക്കാരെ നിറുത്തി നദിക്കര ഉഴുതു നിരപ്പാക്കാൻ ജനകൻ ഏർപ്പാടാക്കി. സ്ഥലം ഉഴുതു നിരപ്പാക്കുന്നതിനിടയിൽ മണ്ണിനടിയിൽ നിന്നും ഒരുപെട്ടി ജോലിക്കാർക്ക് കിട്ടി. ജോലിക്കാർ പെട്ടി ഉടനെ രാജധാനിയിലെത്തിച്ചു. പെട്ടിയുടെ പുറത്തുണ്ടായിരുന്ന ചെളിയെല്ലാം കഴുകിക്കളഞ്ഞശേഷം രാജാവിന്റെ മുന്നിലെത്തിച്ചു. രാജാവ് സ്വർണപ്പണിക്കാരെ വരുത്തി പെട്ടി തുറക്കാൻ ആവശ്യപ്പെട്ടു. സാക്ഷാൽ ലക്ഷ്‌മീദേവിയുടെ ബാല്യരൂപം എന്നു തോന്നിപ്പിക്കുന്നവിധം ഐശ്വര്യമുള്ള ഒരു പെൺകുട്ടി. പുത്രിമാരില്ലാത്ത തനിക്ക് ദൈവം എത്തിച്ചുതന്ന നിധിയാണിതെന്നു ആശ്വസിച്ച ജനകൻ കുട്ടിയെ സ്വന്തം പുത്രിയാക്കി വള‌ർത്താൻ തീരുമാനിച്ചു. ഉഴവുചാലിൽ നിന്നും (സീതം) ലഭിച്ചതിനാൽ കുട്ടിക്ക് 'സീത ' എന്നു പേരിട്ടു. മിഥിലയുടെ മണ്ണിൽ നിന്നും ലഭിച്ചതിനാൽ 'മൈഥിലി ' എന്നും സീതയെ വിളിച്ചുപോന്നു.

വിദേഹരാജധാനിയിൽ രാജകുമാരിയായി സീത വളർന്നു. ഈ ജന്മത്തിലും തന്റെ മുൻജന്മത്തിലും ആഗ്രഹം വിട്ട് പോയിരുന്നില്ല. അവൾ നിത്യവും മഹാവിഷ്‌ണുവിനെ പൂജിച്ചു വന്നു. ഐശ്വര്യലക്ഷ്‌മിക്കു സമാനമായ ഒരു പുത്രിയെ ലഭിച്ചതോടുകൂടി മിഥിലയുടെ ഐശ്വര്യവും സമൃദ്ധിയും നാൾക്കുനാൾ വർദ്ധിക്കാനും കാരണമായി. മിഥിലയുടെ ഓമനപുത്രിയായി അവൾ വളർന്നു.