മനുഷ്യനോട് ഏറ്റവും നന്ദിയുളള അവന്റെ അരുമ മൃഗമാണ് നായ. തന്റെ യജമാനന് അപകടം പറ്റാതെ രക്ഷിക്കാൻ നന്നായി പരിശീലിപ്പിച്ചെടുത്ത ഒരു നായ ഏതറ്റംവരെയും പോകാൻ തയ്യാറാകും. വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അവയെ നേരിടാൻ മുന്നിൽ നിൽക്കുന്ന നായ്‌ക്കൾ ഇതിന് ഉദാഹരണമാണ്.
ഇപ്പോഴിതാ ഓസ്ട്രേലിയയിൽ നിന്ന് അത്തരമൊരു നായയുടെ വീഡിയോ വൈറലാകുകയാണ്. ഒരു നായ ഒരിക്കലും സ്രാവിന് പറ്റിയൊരു പ്രതിയോഗിയല്ല. എന്നാൽ ക്വീൻസ്‌ലാൻഡിലെ ഹാഗർസ്‌റ്റോൺ ദ്വീപിൽ ഒരു റിസോർട്ടിലെ നായയായ ടില്ലിയാണ് ഇത്തരത്തിൽ പ്രശസ്‌തയായത്. റിസോർട്ടിലെത്തിയ വിനോദസഞ്ചാരികൾക്ക് സമീപം നീന്തുകയായിരുന്ന ഒരു സ്രാവിനെ കണ്ടതും മിടുക്കി ടില്ലി പിന്നൊന്നും ആലോചിച്ചില്ല. നേരെ സ്രാവിന്റെ പുറത്തേക്ക് എടുത്തുചാടി. നായയെ കണ്ട സ്രാവ് വൈകാതെ സ്ഥലംവിട്ടു.
സ്രാവ് പോയെന്ന് ഉറപ്പുവരുത്തിയിട്ടേ ടില്ലി പിന്മാറിയുളളു. ചിലർ നായയുടെ ധീരതയെ പുകഴ്‌ത്തുമ്പോൾ മറ്റുചിലർ സ്രാവിന്റെ കൈയിൽ നിന്നും നായ കഷ്‌ടിച്ച് രക്ഷപ്പെട്ടതാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്തായാലും ഇൻസ്‌റ്റഗ്രാം ഉൾപ്പടെ സമൂഹമാദ്ധ്യമങ്ങളിൽ ടില്ലിയുടെ വീഡിയോ വൈറലായിട്ടുണ്ട്.