v-muraleedharan

ന്യൂഡൽഹി: കിഫ്‌ബിയെ കുറിച്ച് അന്വേഷിക്കാൻ ആർ എസ് എസ് എന്തെങ്കിലും പ്രത്യേക സംവിധാനം ഏർപ്പാടാക്കിയോ എന്ന് താൻ ഇതുവരെ മനസിലാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തോമസ് ഐസക്കിന് അതെല്ലാം അറിയാമെങ്കിൽ അദ്ദേഹം അക്കാര്യങ്ങൾ പുറത്തുവിടട്ടെയെന്നും മുരളീധരൻ പറഞ്ഞു. തോമസ് ഐസക്കിന് ബുദ്ധിഭ്രമം സംഭവിച്ചോ എന്ന് സംശയമുണ്ടെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

'രാംമാധവ് എന്നുവന്നു, ആരെ കണ്ടു, എവിടെ വച്ച് കണ്ടു എന്നത് വിജിലൻസ് അന്വേഷിക്കട്ടെ. ക്രൈംബ്രാഞ്ച് കേസെടുക്കട്ടെ. കളളപ്പണത്തിന് എതിരായി കേരളത്തിൽ നടക്കുന്ന അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് ശ്രമം. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോൾ ഇതാ മോദി വരുന്നുവെന്ന് നിലവിളിക്കുന്നതിൽ പ്രയോജനമില്ല. അതിന്റെ യഥാർത്ഥ കാരണം ജനങ്ങൾ മനസിലാക്കുമെന്നതിൽ സംശയം വേണ്ട. കളളപ്പണക്കാർക്കെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുന്നതിനെ കേരള സർക്കാരിനെതിരായ നിലാപാടായി വ്യാഖ്യാനിച്ച് കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനും കളളപ്പണക്കാർക്ക് വിഹരിക്കാനുമുളള സ്വാതന്ത്ര്യം ഉറപ്പുവരുത്താനുമാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ ശ്രമം.'' അദ്ദേഹം ആരോപിച്ചു.

കളളക്കളി പുറത്തുവരുമെന്നതിനാലാണ് സി എ ജി അന്വേഷണത്തെ എതിർക്കുന്നത്. സ്വർണക്കടത്ത് പിടിക്കപ്പെട്ടപ്പോൾ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാൽ കിഫ്ബിക്കെതിരെ ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ മന്ത്രി തോമസ് ഐസക്ക് കുടുങ്ങുമെന്ന് കരുതിയിട്ടാണോ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണത്തിന് കത്ത് എഴുതാത്തതെന്നും വി മുരളീധരൻ ചോദിച്ചു.

സി എ ജി ക്രമക്കേടുകൾ ചൂണ്ടികാണിക്കുമ്പോൾ അത് കേന്ദ്രവിരുദ്ധ സമരത്തിനുളള ഇന്ധനമായി ഉപയോഗിക്കുകയല്ല വേണ്ടത്. പകരം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച വസ്‌തുതകൾക്ക് മറുപടി നൽകുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.