new-kim

ബ്രസല്‍സ്: പ്രാവുകള്‍ പണ്ടുമുതലേ മനുഷ്യന്റെ പ്രിയപ്പെട്ട വളര്‍ത്തുപക്ഷികളിലൊന്നാണ്. പല നിറത്തിലുള്ളതും വലുപ്പത്തിലുമുള്ള പ്രാവുകളെ ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടും. ലോകത്തെ ഏറ്റവും വിലയേറിയ പ്രാവ് ഏതായിരിക്കും? ന്യൂ കിം എന്ന മൂന്ന് വയസുകാരിയാണ് ആ താരം. ഇനി കിമ്മിന്റെ വില അറിയേണ്ട? 1.6 ദശലക്ഷം യൂറോ (ഏകദേശം 14 കോടിയിലധികം രൂപ).

കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് ന്യൂ കിമ്മിന് ഇത്രയും വില ലഭിച്ചത്. ഇതോടെ ലോകത്ത് ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ പ്രാവായി ന്യൂ കിം. ഒരു പ്രാവിന് ഇത്ര വിലയോ എന്ന് അത്ഭുതപ്പെടുന്നുണ്ടാകും എല്ലാവരും. കിം അത്ര നിസ്സാരക്കാരിയല്ല. ഒരുപാട് മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള കിം റേസിംഗ് ലോകത്തെ താരമാണ്. പേര് വെളിപ്പെടുത്താത്ത ചൈനീസ് പൗരനാണ് പ്രാവിനെ വാങ്ങിയതെന്ന് ഓണ്‍ലൈന്‍ ലേലവ്യാപാരസംഘാടകരായ പീജിയന്‍ പാരഡൈസ് വ്യക്തമാക്കി. കഴിഞ്ഞ കൊല്ലം 1.25 ദശലക്ഷം യൂറോയ്ക്ക് വിറ്റു പോയ ആണ്‍പ്രാവിന്റെ റെക്കോഡാണ് ഈ വില്‍പനയിലൂടെ തകര്‍ന്നതെന്ന് പി.ഐ.പി.എ ചെയര്‍മാന്‍ നിക്കോളാസ് ഗൈസല്‍ബ്രെച്ച് പറഞ്ഞു.

വെറും 200 യൂറോയ്ക്കാണ് ന്യൂ കിമ്മിന്റെ ലേലം ആരംഭിച്ചത്. വിവിധ പറക്കല്‍ പന്തയങ്ങളിലെ ചാമ്പ്യനാണ് ന്യൂ കിം. രണ്ട് വയസ് പ്രായമുള്ള കിമ്മിനെ ബ്രീഡ് ചെയ്യുന്നതിനാണ് ചെനീസ് സ്വദേശി വാങ്ങിയതെന്ന് പി.ഐ.പി.എ അറിയിച്ചു.ചൈനയിലെ പറക്കല്‍ പന്തയങ്ങളില്‍ യൂറോപ്പില്‍ നിന്നുള്ള പക്ഷികളാണ് ഏറെയും വിജയികളാവാറുള്ളത്. ഇത്തരം പന്തയങ്ങള്‍ക്കുള്ള സമ്മാനത്തുക വലുതായതിനാല്‍ യൂറോപ്പില്‍ നിന്നുള്ള പക്ഷികള്‍ക്ക് ആവശ്യക്കാര്‍ അധികമാണ്. ഗള്‍ഫ്-ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പക്ഷികള്‍ക്ക് ആവശ്യക്കാര്‍ അധികമായതിനാലാണ് വില്‍പനത്തുക വര്‍ദ്ധിക്കുന്നതെന്ന് ഓണ്‍ലൈന്‍ വ്യാപാരികള്‍ പറയുന്നു.

പന്തയത്തില്‍ പങ്കെടുക്കുന്ന പക്ഷികള്‍ക്ക് നൂറ് കണക്കിന് കിലോമീറ്റര്‍ പറക്കാനുള്ള കഴിവുണ്ട്. കൂടാതെ സ്വന്തമിടങ്ങളിലേക്ക് മടങ്ങിയെത്താനും ഇവയ്ക്കാവും. ആന്റ് റെപ്പിന് സമീപത്തുള്ള ഗാസ്റ്റണും മകന്‍ കുര്‍ട്ട് വാന്‍ ഡി വൗവറുമാണ് ന്യൂ കിമ്മിന്റെ പരിശീലകര്‍. ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ വില്‍പനയില്‍ ഇവരുടെ മുഴുവന്‍ പക്ഷികളെയും വിറ്റിരുന്നു.