ന്യൂയോർക്ക്: കൊവിഡ് വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതം സമൂഹത്തിൽ രോഗം വന്ന് പോയവരിൽ മാത്രമായി ഒതുങ്ങില്ല എന്ന പഠനവുമായി ഗവേഷകർ. രോഗം ബാധിച്ച അമ്മമാർ ജന്മം നൽകുന്ന മൂന്ന് ലക്ഷത്തോളം കുഞ്ഞുങ്ങൾക്കും ഈ രോഗത്തിന്റെ പരിണതഫലം അനുഭവിക്കേണ്ടി വരും. ഡവലപ്മെന്റൽ ഒറിജിൻസ് ഓഫ് ഹെൽത്ത് ആന്റ് ഡിസീസസ് എന്ന പ്രസിദ്ധീകരണത്തിലാണ് ആശങ്കയുളവാക്കുന്ന ഈ കണ്ടെത്തൽ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല അവരിൽ വളർച്ചയെയും കൊവിഡ് ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊവിഡിന്റെ മാനസിക സമ്മർദ്ദം വളർച്ചാ ഘട്ടത്തിലും
കൊവിഡ് മൂലം വലിയ മാനസിക സമ്മർദ്ദവും കുഴപ്പങ്ങളും അനുഭവിച്ച ഇടങ്ങളിലേക്കാണ് കുഞ്ഞുങ്ങൾ ജനിച്ചുവീഴുക. രോഗം അവരെ ബാധിച്ചില്ലെങ്കിലും അതിന്റെ സമ്മർദ്ദം അവരുടെ വളർച്ചയിലുണ്ടാകും. ലേഖനം രചിച്ച സതേൺ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ പറയുന്നു.
കഴിഞ്ഞകാല അനുഭവങ്ങളുടെ പഠനഫലം
പഴയകാല അനുഭവത്തിൽ നിന്ന് ഇത്തരം രോഗ ശേഷമുളള അവസ്ഥകളെ പഠന വിധേയമാക്കിയാണ് ഗവേഷകർ ഇങ്ങനെ നിഗമനത്തിലെത്തിയത്. 1918ൽ ലോകമാകെ ബാധിച്ച ഇൻഫ്ളുവൻസ, 2002ലെ സാർസ് രോഗബാധ, 2012ലെ മെർസ് എന്നിവ ഉദാഹരണമാക്കിയെടുത്താണ് ഗവേഷകർ ഈ അഭിപ്രായത്തിലെത്തിയത്. 1918ലെ ഇൻഫ്ളുവൻസ കാരണം അതിന് ശേഷം ജനിച്ചവരിൽ ഗർഭാവസ്ഥയിലുണ്ടായ മാറ്റങ്ങൾ കാരണം ചെറുപ്രായത്തിലെ രോഗബാധയാൽ മരണമടയുന്നതും, അൻപത് വയസിന് ശേഷം പ്രമേഹത്തിനും രക്തക്കുഴലിലെ തകരാർ മൂലമുളള ഹൃദ്രോഗത്തിനും വിഷാദ രോഗത്തിനും ഇടയാകുന്നതായും തെളിഞ്ഞിട്ടുണ്ട്. അതിനാൽ സമാനമായ കൊവിഡ് കാലഘട്ടത്തിലെ സമ്മർദ്ദം അവരിൽ വിവിധ രോഗങ്ങൾക്ക് കാരണമാകാം.
അമ്മമാരിലെ രോഗബാധ ഗർഭസ്ഥ ശിശുവിന് പലവഴിയിൽ അപകടമാകാം. അവ വളർച്ചയെ തന്നെ ബാധിക്കാം. എന്നാൽ മുൻ കൊറോണ വൈറസ് ബാധ സമയത്ത് ശിശു ജനന നിരക്കിൽ കുറവൊന്നുമുണ്ടായിരുന്നില്ലെന്നും ഗവേഷകർ സൂചിപ്പിക്കുന്നു. എന്നാൽ 2002ൽ സാർസും 2009ൽ എച്ച്1എൻ1 രോഗബാധയുണ്ടായ സമയത്തും മാസം തികയാതെയുളള ജനനനിരക്കും കുട്ടികളിലെ ഭാരക്കുറവും ഉണ്ടായി.
അമ്മയുടെ ഗുരുതരമായ രോഗാവസ്ഥ കുട്ടിക്ക് അപകടമാകാം
നിലവിൽ കൊവിഡും ഗർഭാവസ്ഥയും ബാധകമാകുന്നതെങ്ങനെ എന്ന പഠനം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. അമ്മമാർക്കുണ്ടാകുന്ന കൊവിഡ് രോഗബാധ മാസം തികയാതെ പ്രസവിക്കാനിടയാക്കും എന്ന് ഗവേഷകർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഗുരുതരമായ രോഗബാധ കുട്ടി ഗർഭത്തിൽ മരണമടയാനിടയാക്കുമെന്നും ഗവേഷകർ കരുതുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥയും പഠനവിധേയമാക്കേണ്ടതുണ്ട്. ഗർഭാവസ്ഥയിലെ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. കുട്ടികളുടെ വളർച്ചയിലും മുതിർന്നവരുടെ ആരോഗ്യത്തിലും ഏത് തരത്തിൽ ബാധിക്കുന്നു എന്ന് ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗവേഷക സംഘം പറയുന്നു.