ele

ബംഗളൂരു: ദാഹിച്ചാൽ വെള്ളം കുടിക്കണം. അത് മനുഷ്യനായാലും മൃഗമായാലും അങ്ങനെ തന്നെയാണ് ചെയ്യുക. അത്തരത്തിൽ ദാഹിച്ചു വലഞ്ഞ് വെള്ളം കുടിച്ച ആനയാണ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. കർണാടകയിലെ ഹംപിയിലാണ് സംഭവം. ഹംപി ഉത്സവത്തിനായി എത്തിയ ആനയാണ് ദാഹിച്ചപ്പോൾ വണ്ടി തടഞ്ഞുനിറുത്തി മതിയാവോളം വെള്ളം കുടിച്ച് താരമായത്. വലിയ ടാങ്കിൽ വെള്ളം കൊണ്ടുപോവുകയായിരുന്ന ട്രാക്ടർ വഴിയിൽ തടഞ്ഞു നിർത്തി വെള്ളം കുടിക്കുന്ന ആനയുടെ ദൃശ്യം വളരെ കൗതുകമേറിയതെന്നാണ് പലരും നൽകിയ കമന്റ്. ഘോഷയാത്രയിൽ പങ്കെടുത്ത ആന ട്രാക്ടർ തടഞ്ഞു. ആന ട്രാക്ടറിനു നേരെ വരുന്നത് കണ്ട ഡ്രൈവറും സഹായിയും ഭയന്നു പിന്നോട്ടുമാറി. ആന ടാങ്കിന്റെ അടപ്പിൽ തുമ്പിക്കൈ കൊണ്ട് തൊട്ടുകാണിച്ചെങ്കിലും കാര്യം മനസിലാകാതെ ഇരുവരും നിന്നു. എന്നാൽ ആന വെള്ളം ആവശ്യപ്പെട്ടതാണെന്ന് ഡ്രൈവറെയും സഹായിയെയും ബോധ്യപ്പെടുത്തിയത് സംഭവസ്ഥലത്തുണ്ടായിരുന്ന കർണാടകയിലെ വനം മന്ത്രി ആനന്ദ് സിംഗിന്റെ മകൻ സിദ്ധാർഥ് സിംഗായിരുന്നു. ഇതോടെ ഭയം മാറിയ ഡ്രൈവർ ടാങ്കിന്റെ അടപ്പ് തുറന്നു നൽകി. ടാങ്കിലേക്ക് തുമ്പിക്കൈ കടത്തി ആവശ്യത്തിന് വെള്ളം കുടിച്ച ശേഷം ആന അവിടെ നിന്നും മാറി. ടാങ്കർ ലോറി സുഗമമായി കടന്നുപോവുകയും ചെയ്തു. ബുദ്ധിയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് തങ്ങളെന്ന് ആന വീണ്ടും തെളിയിക്കുകയാണെന്നായിരുന്നു വീഡിയോ പങ്കുവച്ചുകൊണ്ട് ഒരാൾ കുറിച്ചത്. കൊവിഡ് 19 മഹാമാരിയെ തുടർന്ന് ഉത്സവാഘോഷ ചടങ്ങുകൾ ഒരു ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു.