ചെന്നൈ: തമിഴ്നാട്ടിൽ പ്രശസ്ത സീരിയൽ താരത്തെ വെട്ടിക്കൊന്നു. തേൻമൊഴി ബി.എ. എന്ന പരമ്പരയിൽ പ്രതിനായക കഥാപാത്രത്തിലൂടെ പ്രശസ്തനായ സെൽവരത്‌നത്തെയാണ് കൊലപ്പെടുത്തിയത്. 41വയസായിരുന്നു താരത്തിന്. ഞായറാഴ്ച രാവിലെയാണ് സംഭവം. സെൽവരത്‌നത്തിന് വെട്ടേറ്റ വിവരം സുഹൃത്തും അസിസ്റ്റൻഡ് ഡയറക്ടറുമായ മണിയാണ് പൊലീസിനെ അറിയിച്ചത്. പത്ത് വർഷത്തിലേറെയായി തമിഴ് സീരിയലിൽ അഭിനയിക്കുന്ന സെൽവരത്‌നം ശ്രീലങ്കൻ അഭയാർത്ഥിയാണ്.
ദീപാവലി ദിവസമായ ശനിയാഴ്ച സീരിയൽ ചിത്രീകരണത്തിനു പോകാതെ മണിക്കൊപ്പം തങ്ങിയ സെൽവരത്‌നം ഞായറാഴ്ച പുലർച്ചെ ഒരു ഫോൺ കോൾ വന്നതിനെ തുടർന്ന് പുറത്തേക്കു പോയി. രാവിലെ 6.30 ന് എം.ജി.ആർ നഗറിൽ സെൽവരത്നം വെട്ടേറ്റ് കിടക്കുന്ന വിവരം മണിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മണി പൊലീസിനെ അറിയിച്ചത്. സിസി ടിവി പരിശോധനയിൽ ഓട്ടോറിക്ഷയിൽ എത്തിയ അക്രമികൾ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. സെൽവരത്നത്തിന്റെ ഭാര്യയും മക്കളും വിരുതുനഗറിലാണ് താമസിക്കുന്നത്.