crime

മുംബൈ∙ സുഹൃത്തിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് നടന്ന പാർട്ടിക്കിടെ പ്രതിശ്രുത വരൻ ഉൾപ്പെടെ മൂന്നു പേർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി. മുംബയ് അന്ധേരിലെ ഒരു ഹോട്ടലിൽ ഈമാസം എട്ടിനായിരുന്നു സംഭവം. ഞായറാഴ്ചയാണ് യുവതി സഹർ പൊലീസിൽ പരാതി നൽകിയത്.

പ്രതികളായ അവിനാഷ് പംഗേകർ (28), ശിശിർ (27), തേജസ് (25) എന്നിവർക്കു വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. അവിനാഷിന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട പാർട്ടിക്കിടെയാണ് സംഭവം. മറ്റു രണ്ടു സ്ത്രീകൾക്കൊപ്പം തന്നെയും പാർട്ടിയിലേക്കു ക്ഷണിച്ചിരുന്നു. ഇവിടെ വച്ച് അവിനാഷ് തന്നെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. മറ്റു രണ്ടു യുവതികളും പോയതിനു ശേഷം മൂന്നു പ്രതികളും ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

തനിക്കു സംഭവിച്ച ദുരന്തത്തെക്കുറിച്ച് ആദ്യം ആരോടും പറഞ്ഞില്ലെങ്കിലും ദിവസങ്ങൾക്കുശേഷം ശനിയാഴ്ച വീട്ടുകാരോട് കാര്യം പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം അടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.