bala

ബംഗളൂരു: ലോകത്തെയാകമാനം പിടിച്ചുലയ്ക്കുന്ന മഹാമാരി കൊവിഡ് 19നെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കില്ലെന്ന് നടൻ നന്ദമൂരി ബാലകൃഷ്ണ പറഞ്ഞു. ഒരു പൊതു പരിപാടിയിൽ പ്രസംഗിക്കവേയാണ് ബാലയ്യ എന്ന ബാലകൃഷ്ണ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കൊവിഡ് വൈറസ് ഒരിക്കലും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകില്ലെന്നും അത് ന്യുമോണിയ പോലെ നിലനിൽക്കുമെന്നും ബാലയ്യ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം. ഇതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടുപിടിക്കാൻ പോകുന്നുമില്ല. കൊവിഡ് കാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കണം എന്നതുൾപ്പെടെ നിരവധി വ്യാജസന്ദേശങ്ങൾ സമൂഹത്തിൽ പടരുന്നുണ്ട്. ഈ കാലത്ത് രണ്ടു നേരവും ചൂടുവെള്ളത്തിൽ കുളിക്കണം. പ്രതിരോധ ശേഷി ഉയർത്താൻ ഉതകുന്ന ഭക്ഷണവും വ്യായാമവും ശീലമാക്കണം. രോഗം പിടിപെടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. വേദമന്ത്രങ്ങൾ ഉരുവിടുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കുന്നു. എന്തും നേരിടാനുള്ള കരുത്ത് ഈശ്വരൻ തരുമെന്നും നടൻ പറയുന്നു.

തന്റെ പുതിയ ചിത്രമായ ബോയ്പതി ശ്രീനുവിന്റെ തിരക്കിലാണ് ബാലയ്യ. സയേഷ സൈഗാളാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബാലയ്യയുടെ അഭിപ്രായ പ്രകടനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.