meesapaulimala

കോടമഞ്ഞിന്റെ തണുപ്പും പച്ച പുതച്ച മലനിരകളുമാണ് മീശപ്പുലിമലയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കേരള-തമിഴ്‌നാട് അതിർത്തിയിലെ സൂര്യനെല്ലി ഗ്രാമത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് വളഞ്ഞു പുളഞ്ഞു കിടക്കുന്ന വീതികുറഞ്ഞ വഴിയിലൂടെ ഷോല നാഷണൽ പാർക്കിന്റെ ഒരു ഭാഗം കടന്ന് 30 കിലോമീറ്റർ സഞ്ചരിച്ചാൽ സൂര്യനെല്ലിയെന്ന കൊച്ചുഗ്രാമമായി. തമിഴും മലയാളവും ഒരുപോലെ സംസാരിക്കുന്ന ജനത. ഇവിടെനിന്നാണ് മീശപ്പുലി മലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. സഞ്ചാരികളുടെ വാഹനങ്ങൾ സൂര്യനെല്ലിയിൽ പാർക്ക് ചെയ്‌തശേഷം മീശപ്പുലിമലയ്‌ക്കു കീഴെയുള്ള കൊളുക്കുമല വരെ ഓഫ്‌റോഡിലൂടെ ജീപ്പിൽ വേണം സഞ്ചരിക്കാൻ. 50ഓളം ജീപ്പുകളാണ് സഞ്ചാരികളെ വഹിച്ചുകൊണ്ട് ദിനംപ്രതി കൊളുക്കുമല കയറിയിറങ്ങുന്നത്. പുലർച്ചെ 3.30ന് തുടങ്ങുന്ന ജീപ്പുകളുടെ ഓട്ടം വൈകുന്നേരം അഞ്ചുമണിയോടെ അവസാനിക്കും.
സൂര്യനെല്ലി ടൗൺ കഴിഞ്ഞ് ഇടത്തോട്ടുള്ള റോഡിലൂടെയാണ് കൊളുക്കുമലയിലേക്ക് കയറുക. ഹാരിസൺമലയാളം കമ്പനിയുടെതേയിലത്തോട്ടത്തിലൂടെയാണ് ജീപ്പിന്റെ സഞ്ചാരപഥം. തേയിലത്തോട്ടത്തിലേക്ക് വാഹനം കടത്തി വിടണമെങ്കിൽ 100 രൂപ പാസ് എടുക്കണം. തേയില ഫാക്‌ടറിയും പാടികളും പിന്നിട്ട് വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ടാറിട്ട റോഡ് തമിഴ്‌കോവിലുകൾക്ക് മുന്നിൽ അവസാനിക്കുന്നിടത്തുനിന്നാണ് യഥാർത്ഥ യാത്ര തുടങ്ങുന്നത്. ഒരു കല്ലിൽ നിന്ന് മറ്റൊരു കല്ലിലേക്ക് ജീപ്പ് കുതിച്ച് ചാടുമ്പോൾ യഥാർത്ഥ ഓഫ് ഡ്രൈവ് ആസ്വദിച്ച് തുടങ്ങുകയായി.
കൊളുക്കുമലയിൽ എത്തുന്ന സഞ്ചാരികൾക്ക് തുളച്ചു കയറുന്ന തണുപ്പിന്റെ പിടിയിൽ നിന്ന് അൽപ്പം ആശ്വാസമേകാൻ ചായക്കടയുണ്ട്. ചൂട് ബജിയും കൊളുക്കുമല തേയിലയുടെ സ്വാദും ഇവിടെ നിന്ന് അനുഭവിച്ചറിയാം. ഇനി ഇവിടുന്ന് ചെറുവഴിച്ചാലുകളുള്ള മലകൾ കയറിവേണം മീശപ്പുലിമലയിലെത്താൻ. മീശപ്പുലിമലയുടെ തൊട്ടടുത്തായി താഴെ പുൽമേടുകൾക്കു നടുവിൽ ഹൃദയാകൃതിയിലുള്ള ഒരു തടാകമുണ്ട്.
എത്തിച്ചേരാൻ
മൂന്നാറിൽനിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം.