അഡ്‌ലെയ്‌ഡ്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനം ത്രിശങ്കുവിൽ. പരമ്പരയിലെ ഒന്നാം ടെസ്റ്റിന് വേദിയാകേണ്ട അഡ്‌ലെയ്ഡിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. നവംബർ 27ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്നതാണ്. നവംബർ 27ന് സിഡ്‌നിയിൽ ആദ്യ ഏകദിന മത്സരത്തോടെ പര്യടനത്തിന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുളളത്.
പന്ത്രണ്ടാം തീയതി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം നിലവിൽ 14 ദിവസത്തെ ക്വാറന്റൈനിലാണ്. നവംബർ 26 വരെ ഇന്ത്യൻ താരങ്ങൾ ക്വാറന്റൈനിൽ തുടരും. ഇക്കാലയളവിൽ പരിശീലനത്തിനുളള സൗകര്യങ്ങൾ ഓസ്‌ട്രേലിയ ഒരുക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ കളിച്ച് തിരിച്ചെത്തിയ ഓസ്ട്രേലിയൻ താരങ്ങളോടെല്ലാം എത്രയും പെട്ടെന്ന് ഐസൊലേഷനിൽ പോകാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇതോടെ ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്‌റ്റൻ ടിം പെയ്‌നും മാത്യു വെയ്ഡും ഐസൊലേഷനിലാണ്. ഇവർക്കൊപ്പം അഗറും കാമറോൺ ഗ്രീനും ഐസൊലേഷനിൽ പോയിട്ടുണ്ട്. ഇരുവർക്കും ഇതോടെ ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നഷ്‌ടമാകാൻ സാദ്ധ്യതയുണ്ട്.
ഷെഫീൽഡ് ഷീൽഡിൽ കളിച്ച ടാസ്‌മാനിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ, ന്യൂസൗത്ത് വെയിൽസ്, ക്വീൻസ്ലൻഡ്, വിക്ടോറിയ ടീമുകളിലെ താരങ്ങളോടും മറ്റ് സ്റ്റാഫുകളോടുമാണ് ഐസൊലേഷനിൽ പോകാൻ നിർദേശമുളളത്.താരങ്ങളടക്കമുളളവർക്ക് ഉടൻ കൊവിഡ് പരിശോധന നടത്തും.