മധുര: തമിഴ്നാട്ടിലെ മധുരയിൽ പട്ടാപ്പകൽ വഴിപോക്കനെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് പള്ളിയിലേക്ക് വലിച്ചെറിഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. മധുരയിലെ കിഴവാസലിലെ തെരുവിലാണ് ഉത്തംഗുടി സോളയപ്പൻ നഗറിലെ മുരുകാനന്ദം എന്ന 22 കാരൻ ദാരുണമായി കൊലചെയ്യപ്പെട്ടത്. സുഹൃത്ത് മുനിയസാമിയാണ് ചികിത്സയിലുള്ളത്. ഇരുവരും ഞായറാഴ്ച വൈകിട്ട് റോഡിലൂടെ നടന്നുവരവേ ഒരു കാർ എത്തി ഇവരെ തടഞ്ഞു. കാറിലുള്ളവരെ കണ്ട് ഇരുവരും ഭയന്ന് ഓടിയെങ്കിലും മുരുകാനന്ദത്തെ പിന്തുടർന്ന് പിടികൂടി വെട്ടിക്കൊലപ്പെടുത്തി. മുനിയസാമിയെയും അക്രമിച്ചെങ്കിലും ഇയാൾ അടുത്തുള്ള രാജാജി ആശുപത്രിയിലേക്ക് ഓടിക്കയറി വിവരം അറിയിച്ചു. ഇതിനിടെ മുരുകാനന്ദത്തിന്റെ ശരീരത്തിൽ നിന്ന് തലവെട്ടിയെടുത്ത് തൊട്ടടുത്തുള്ള സെന്റ് മേരീസ് പള്ളിക്കു മുന്നിൽ കൊണ്ടുവച്ച സംഘം കാറിൽ മടങ്ങി. വിവരമറിഞ്ഞെത്തിയ പൊലീസ് മുരുകുനന്ദത്തിന്റെ ശരീരം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി. പ്രതികൾ സഞ്ചരിച്ച കാർ ആയുധങ്ങളോടെ ഉപേക്ഷിച്ച നിലയിൽ ബൈപാസ് റോഡിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ദൃക്സാക്ഷികളിൽ ഒരാൾ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് മധുര പൊലീസ് പറയുന്നത്.