ഹൈദരാബാദ് : നവജാത ശിശുവിനെ അമ്മ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും എറിഞ്ഞ് കൊന്നു. ഹൈദരാബാദിലെ ഫത്തേഹ്‌നഗറിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഭർത്താവുമായുണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ലാവണ്യ എന്ന 27 കാരി തന്റെ 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്.
2016ലാണ് ലാവണ്യയും ഭർത്താവ് നുതി വേണുഗോപാലും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായി. 2017ൽ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചിരുന്നു. തുടർന്ന് ഫത്തേഹ്‌നഗറിലുള്ള തന്റെ വീട്ടിലായിരുന്നു ലാവണ്യ ഏറെനാൾ കഴിഞ്ഞത്.
പിന്നീട് ഈ വർഷം രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച ലാവണ്യ കഴിഞ്ഞ ആറ് മാസം തന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ ഭർത്താവുമായി വീണ്ടും പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഒക്ടോബർ 29ന് ലാവണ്യ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലാവണ്യ രക്ഷപ്പെടുകയും തൊട്ടടുത്ത ദിവസം രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ലാവണ്യയുടെ ഭർത്താവ് ഉപദ്രവിക്കുന്നതായി കാട്ടി ലാവണ്യയുടെ വീട്ടുകാർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.