ബീജിംഗ്: ബഹുരാഷ്ട്ര സംഘടനയായ ആർ.സി.ഇ.പിയിൽ ചേരാത്തത് ഇന്ത്യയുടെ പിഴവാണെന്നും ഇന്ത്യയ്ക്ക് സാമ്പത്തിക വളർച്ചയ്ക്കുള്ള 'ബസ് കിട്ടിയില്ലെന്നും' കുറ്റപ്പെടുത്തി ചൈന. ദീർഘദൂര സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയതെന്നാണ് ചൈന ആരോപിക്കുന്നത്.
ചൈനയുടെ നേതൃത്വത്തിൽ 15 രാജ്യങ്ങൾ ചേർന്നാണ് റീജിയണൽ കോംപ്രഹെൻസിവ് ഇക്കണമിക് പാർട്നർഷിപ്പ് എന്ന സംഘടന രൂപീകരിച്ചത്. ചൈനയ്ക്ക് പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ന്യൂ സിലാൻഡ്, പത്ത് ആസിയാൻ രാജ്യങ്ങൾ എന്നിവയാണ് ഈ സഖ്യത്തിലുള്ളത്.ആർ.സി.ഇ.പി ലോകത്തെ ഏറ്റവും വലിയ വ്യാപാര സഖ്യമാണെന്നാണ് റിപ്പോർട്ട്.
സഖ്യത്തിൽ ചേരാത്ത ഇന്ത്യയുടെ നിലപാട് തന്ത്രപരമായ മണ്ടത്തരമാണെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സഖ്യത്തിൽ ചേരാനുള്ള നീക്കത്തിൽ നിന്ന് ഇന്ത്യ പിന്മാറാനുള്ള കാര്യം രാജ്യത്തിനുള്ളിലെ നിക്ഷിപ്ത താത്പര്യക്കാരാണെന്നും തീരുമാനം ഇന്ത്യയെ പിന്നോട്ടടിക്കുമെന്നും ചൈനീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യ സാമ്പത്തിക വികസനത്തിനുള്ള ബസ് നഷ്ടപ്പെടുത്തി എന്നാണ് ഗ്രിൻഗ്വ സർവകലാശാലയിലെ നാഷണൽ സ്ട്രാറ്റജിക് ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ക്വിൻ ഫെങിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്.
"ലോകജനസംഖ്യയുടെ 30 ശതമാനം വരുന്ന 220 കോടി ജനങ്ങളെയും ആഗോള ജി.ഡി.പിയുടെ 30 ശതമാനം വരുന്ന 26.2 ട്രില്യൺ ഡോളറിന്റെ സമ്പദ്വ്യവസ്ഥയുമാണ് പുതിയ കരാറിന്റെ കീഴിൽ വരുന്നത്.ദക്ഷിണേഷ്യൻ മേഖലയിലെ വ്യാപാര സഹകരണത്തിനു പുറമെ ബഹുസ്വരതയും സ്വതന്ത്രവ്യാപാരവും കരാർ പ്രോത്സാഹിപ്പിക്കുമെന്നും ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.
അതേസമയം, ലോകത്തെ വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക സഖ്യത്തിന്റെ ഭാഗമല്ല. ആദ്യഘട്ട ചർച്ചകളിൽ പങ്കെടുത്തിരുന്നെങ്കിലും കഴിഞ്ഞ വർഷം ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സുപ്രധാന പ്രശ്നങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം. കരാർ നിലവിൽ വരുന്നതോടെ വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് ഇന്ത്യ ഭയപ്പെടുന്നത്.