തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരാക്കപ്പെട്ടവരുടെ പട്ടികയിൽ ഒന്നാം സ്ഥാനം എറണാകുളം ജില്ലയ്ക്ക്. 2014 വരെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അയോഗ്യരാക്കപ്പെട്ടത് 36 ജനപ്രതിനിധികളാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിൽ പറയുന്നു. രണ്ട് പേരുടെ അയോഗ്യതയുമായി കണ്ണൂർ ജില്ലയാണ് ഏറ്റവും പിന്നിൽ. അയോഗ്യരാക്കപ്പെട്ടതു മുതൽ അടുത്ത ആറ് വർഷത്തേക്ക് ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
തദ്ദേശ സ്ഥാപനങ്ങളിലെ ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കൂറുമാറുകയോ, ഏതെങ്കിലും പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സ്വമേധയാ ജനപ്രതിനിധി പദവി ഉപേക്ഷിക്കുകയോ, വോട്ടെടുപ്പിൽ വിപ്പ് ലംഘിക്കുകയോ വിട്ടുനിൽക്കുകയോ ചെയ്താൽ അവരെ അയോഗ്യരാക്കാവുന്നതാണ്. 2020ൽ 1100 തദ്ദേശ പ്രതിനിധികളെയും 2019ൽ 14 പേരെയും കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കിയിരുന്നു. ഇത്തരത്തിൽ അയോഗ്യരാക്കപ്പെടുന്നവർക്ക് ഈ തദ്ദേശ തിരഞ്ഞെടുപ്പിലോ 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിലോ മത്സരിക്കാനാകില്ല. 2014 അയോഗ്യനാക്കപ്പെട്ട ഒരു പ്രതിനിധിക്ക്, ഇത്തവണ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി പൂർത്തിയാകാൻ രണ്ട് ദിവസം മാത്രമെ ബാക്കിയുള്ളൂ എങ്കിൽപോലും മത്സരിക്കാനാകില്ല.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 13 പേരാണ് ഇത്തരത്തിൽ അയോഗ്യരാക്കപ്പെട്ടത്. അഞ്ച് പേരുമായി വർക്കല മുനിസിപ്പാലിറ്റിയാണ് ഇതിൽ മുമ്പിൽ. കോൺഗ്രസിന്റെ വിപ്പ് ലംഘിച്ചതിന് വർക്കല മുനിസിപ്പാലിറ്റിയിലെ മുൻ ചെയർപേഴ്സൺ അടക്കം അഞ്ച് പേരാണ് 2015ൽ അയോഗ്യരാക്കപ്പെട്ടത്. ഇത്തരം അയോഗ്യത പലപ്പോഴും നിയമക്കുരുക്കിലും കൊണ്ടെത്തിക്കാറുണ്ട്. കോടതിയെ സമീപിച്ച് അയോഗ്യതയ്ക്ക് സ്റ്റേ വാങ്ങിയ ശേഷം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരും ഉണ്ട്. അതിനാൽ തന്നെ സ്റ്റേ ഉത്തരവുകൾ വിശദമായി പരിശോധിക്കണമെന്ന് ഇലക്ഷൻ കമ്മിഷൻ റിട്ടേണിംഗ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകാറുണ്ട്.
പലപ്പോഴും ഉപാധികളോടെയായിരിക്കും സ്റ്റേ അനുവദിക്കുക. സ്റ്റേ ലഭിച്ചു എന്നു കരുതി അയോഗ്യത ഇല്ലാതാകുന്നില്ല. പകരം വ്യവസ്ഥകളോടെ മത്സരിക്കാൻ അനുവദിക്കുകയാണ് ചെയ്യുക. അതിനാൽ തന്നെ റിട്ടേണിംഗ് ഓഫീസർമാർ സ്റ്റേ ഉത്തരവുകളിലെ വ്യവസ്ഥകൾ വിശദമായി പരിശോധിക്കും. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കപ്പെടുന്നവർ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് നിരസിക്കാൻ കമ്മിഷന് അധികാരമുണ്ട്.