amit-shah

ചെന്നൈ: തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ എൽ.മുരുകൻ നയിക്കുന്ന 'വെട്രിവേൽ യാത്ര' പലയിടത്തും സർക്കാർ തടയുകയും പ്രശ്‌നങ്ങൾക്ക് വഴി വയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഭരണകക്ഷിയായ എഐഡിഎംകെയുടെ പ്രസിദ്ധീകരണമായ 'നമദു അമ്മ' ബിജെപിയുടെ ഈ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ശാന്തിയും സമാധാനവും സാഹോദര്യവും നശിപ്പിക്കുന്നതിനേ വെട്രിവേൽ യാത്ര ഉപകരിക്കൂ എന്നാണ് നമദു അമ്മയിലെ ലേഖനത്തിൽ പാർട്ടി അഭിപ്രായപ്പെടുന്നത്. കറുപ്പർ കൂട്ടമായാലും കാവി കൂട്ടമായാലും ജനങ്ങളെ ജാതി മത ഭേദമുണ്ടാക്കി ഭിന്നിപ്പിക്കുകയും ചെയ്യുന്ന യാത്രകളൊന്നും സംസ്ഥാനത്ത് അനുവദിക്കില്ല. ജനങ്ങളെ നയിക്കാനാണ് മതങ്ങൾ ഭിന്നിപ്പിക്കാനല്ല. ലേഖനത്തിൽ പറയുന്നു.

ബിജെപിയുടെ വെട്രിവേൽ യാത്ര ശരിക്കും സർക്കാരിന് തലവേദനയായിരിക്കുകയാണ്. ഇതിന് പ്രധാന കാരണം മുൻപ് ബിജെപിയുമായുണ്ടായിരുന്ന ബന്ധത്തിലുണ്ടായ തകർച്ചയാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തവർഷമാദ്യം നടക്കവെ പാർട്ടിയെ തിരഞ്ഞെടുപ്പിന് പൂർണ സജ്ജമാക്കാൻ മുൻ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ അടുത്ത ആഴ്ച തമിഴ്‌നാട് സന്ദർശിക്കും. ബിജെപിയ്‌ക്ക് കാര്യമായ റോളില്ലാതിരുന്ന തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ നിലവിൽ ചിരവൈരികളായ എഐഡിഎംകെയുടെയും ഡിഎംകെയുടെയും തലപ്പത്തെ അതികായരായ നേതാക്കൾ കരുണാനിധിയും ജയലളിതയും അരങ്ങൊഴിഞ്ഞ ശേഷം നടക്കാൻ പോകുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്. ഈ തിരഞ്ഞെടുപ്പിൽ കൃത്യമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ തന്നെയാണ് ചാണക്യതന്ത്രവുമായി അമിത് ഷായുടെ വരവ്.

2014ൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് പുറത്തായ ഡി.എം.കെ നേതാവും കരുണാനിധിയുടെ മകനുമായ അഴഗിരിയുമായി അമിത്‌ഷാ ചർച്ച നടത്തി കഴിഞ്ഞു. പുതിയ പാർട്ടി രൂപവൽക്കരിച്ച് അഴഗിരിക്ക് എൻ.ഡി.എയിൽ എത്താനുള‌ള സാദ്ധ്യതയാണ് ഇതിലൂടെ തുറക്കുന്നത്. കലൈജ്ഞർ ഡി.എം.കെ എന്നോ കെ.ഡി.എം.കെ എന്ന പേരിലോ പാർട്ടി ആരംഭിക്കാനാണ് അഴഗിരിയുടെ ആലോചന. ഇത് നിലവിൽ അധികാരത്തിലെത്താനുള‌ള ഡി.എം.കെയുടെ വഴിയിൽ തടസമാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെ തമിഴകത്തെ ഇരുപാർട്ടികൾക്കും തലവേദനയാകും അമിത്‌ഷായുടെ വരവ് എന്നുറപ്പ്. അടുത്തയാഴ്‌ച തമിഴ്‌നാട്ടിലെത്തിയ ശേഷം അമിത് ഷാ അഴഗിരിയുമായി നേരിട്ട് ചർച്ച നടത്തിയേക്കും.

മുൻപ് ബിജെപി പ്രതിപക്ഷ സ്ഥാനത്തുള‌ള ബംഗാളിൽ സന്ദർശനം നടത്തിയ അമിത്ഷാ അവിടെ മമത സർക്കാരിനെതിരെ വൻ ജനരോഷമുണ്ടെന്നും ബിജെപി ഭരണത്തിലെത്തുമെന്നും പ്രസംഗിച്ചിരുന്നു. ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലെ തിരഞ്ഞെടുപ്പിനൊപ്പമാകും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ബംഗാളിനെ ബിജെപി അധികാരത്തിലെത്തിയാൽ സുവർണ ബംഗാൾ ആക്കി മാ‌റ്റുമെന്നാണ് അമിത്ഷാ വാക്ക് നൽകിയിരിക്കുന്നത്.

ബിജെപിയ്‌ക്ക് നിർണായകമായ ബീഹാർ തിരഞ്ഞെടുപ്പ് നടന്ന സമയം അമിത് ഷാ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഇവിടെ പ്രചാരണത്തിലെ താരപ്രചാരകൻ. കാര്യമായ പ്രചാരം പാർട്ടിക്ക് ലഭിക്കാത്ത സംസ്ഥാനങ്ങളിൽ നേരിട്ട് അമിത് ഷാ തന്നെ പ്രചാരണം നടത്തുന്നതിലൂടെ നിയമസഭ തിരഞ്ഞെടുപ്പിൽ കൃത്യമായ സ്ഥാനമുറപ്പിക്കാൻ തന്നെയാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.