biden

വാഷിംഗ്ടൺ: ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് പുലിവാൽ പിടിച്ചിരിക്കുകയാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ട്വിറ്ററിലൂടെ ദീപാവലി ആശംസിച്ചതാണ് ബൈഡന് വിനയായത്.

ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരും, ബുദ്ധമതക്കാരുമായ ലക്ഷക്കണക്കിന് ജനങ്ങൾ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന അവസരത്തിൽ ഞങ്ങൾ നിങ്ങൾക്ക് ദീപാവലി ആശംസ നേരുന്നു.നിങ്ങളുടെ പുതുവത്സരം പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയട്ടെ, സാൽ മുബാറക്ക്' - അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ട്വീറ്റാണ് ബൈഡനെ വെട്ടിലാക്കിയത്.

ദീപാവലിക്ക് ബൈഡന്‍ 'സാൽ മുബാറക്ക്' എന്ന് ആശംസിച്ചതിനെ വിമർശിച്ച് നിരവധി ഇന്ത്യക്കാർ രംഗത്തെത്തി. സാൽ മുബാറക്ക് ഇസ്ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് അത്തരത്തിൽ ആശംസിച്ചത് ശരിയായില്ലെന്നും പലരും ചൂണ്ടിക്കാട്ടി. എങ്ങനെ ദീപാവലി ആശംസിക്കണമെന്ന് അറിയില്ലെങ്കിൽ ട്രംപിനോട് ചോദിക്കൂ എന്നുപോലും പലരും അദ്ദേഹത്തെ ഉപദേശിച്ചു. ഏന്തായാലും ബൈഡന്റെ 'സാൽ മുബാറക്ക്' ദീപാവലി ആശംസ വളരെവേഗം വൈറലായി.

എന്നാൽ, യഥാർത്ഥത്തിൽ സാൽ മുബാറക്കിന് ഇസ്‌ലാമിക ആഘോഷങ്ങളുമായി ബന്ധമൊന്നുമില്ല.

ഗുജറാത്തി പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട വാക്കാണിത്. ദീപാവലിയുടെ തൊട്ടടുത്ത ദിനമാണ് ഗുജറാത്തിൽ പുതുവത്സരാഘോഷം നടക്കുന്നത്. ഗുജറാത്തിലെ എല്ലാ വിഭാഗക്കാരും സാൽ മുബാറക് ആഘോഷിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017ൽ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഗുജറാത്തിൽ നിന്നുള്ള പലരും ബൈഡന്റെ ആശംസയിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. സൗരാഷ്ട്രിയൻ പുതുവത്സരമായ നൗറോസ് ആശംസിക്കാൻ ഇന്ത്യയിലും പാകിസ്താനിലുമുള്ള പാഴ്‌സി വിഭാഗക്കാരും 'സാൽ മുബാറക്ക്' ഉപയോഗിക്കാറുണ്ട്. ഹിന്ദിയിൽ സാൽ എന്നാൽ വർഷം എന്നാണ് അർത്ഥം. മുബാറക്ക് എന്നാൽ അറബിക്കിൽ അഭിനന്ദനം എന്നാണ്.