കൊച്ചി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അദ്ധ്യക്ഷപദവിയിൽ തുടർച്ചയായി മൂന്നുതവണ സംവരണം പാടില്ലെന്ന് ഹൈക്കോടതി. കഴിഞ്ഞ രണ്ടുവട്ടവും സംവരണം ചെയ്‌തിരുന്ന സ്ഥാപനങ്ങളെ ഒഴിവാക്കണം. ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടു. ഇതോടെ മലപ്പുറം ജില്ലാപഞ്ചായത്തിൽ ഉൾപ്പടെ അദ്ധ്യക്ഷപദവി പൊതുവിഭാഗത്തിലാകും.
ഹൈക്കോടതി ഇടപെടൽ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിന് ഇടയാക്കും എന്ന നിലപാട് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. മൂന്നാം തവണയും തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ്-അദ്ധ്യക്ഷ സ്ഥാന സംവരണങ്ങൾ നിശ്ചയിക്കപ്പെട്ടതിനെതിരെ കോടതിയിലെത്തിയ ഹർജികൾ പരിഗണിച്ച് പത്ത് തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം കഴിഞ്ഞയാഴ്ച കോടതി റദ്ദാക്കിയിരുന്നു.