kuttikal

കോട്ടയം: പഠനകാലത്തെ സൗഹൃദത്തിലൂടെ വേർപിരിയാനാവാത്ത വിധം അടുത്ത അവരെ വേർപെടുത്താൻ മരണത്തിനുപോലും കഴിഞ്ഞില്ല. ഉറ്റസുഹൃത്തുക്കളായ ഇവരിൽ ഒരാളുടെ വിവാഹം നിശ്ചിയിച്ചതോടെ വേർപിരിയേണ്ടിവരുമെന്ന് ആശങ്കയാണ് കൊല്ലം സ്വദേശികളായ പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നത്.

കൊല്ലം സ്വദേശികളായ അമൃതയും ആര്യയും കഴിഞ്ഞ പതിനാലിന് രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിൽചാടിയത്. രണ്ടുദിവസം നീണ്ട തിരച്ചിലിനുശേഷം ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചത്.

ആയൂർ കീഴാറ്റൂർ അഞ്ജുഭവനിൽ അശോകന്റെ മകൾ ആര്യാ ജി.അശോകും ഇടയം അനിവിലാസം വീട്ടിൽ അനി ശിവദാസിന്റെ മകൾ അമൃത അനിയും കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിനികളായിരുന്നു. ബിരുദത്തിന് ചേർന്നതോടെയാണ് ഇവർ കൂട്ടുകാരായത്. ഒരേ ക്ലാസിൽ പഠിച്ചിരുന്ന ഇരുവരും ക്ലാസിലും പുറത്തുമെല്ലാം ഒന്നിച്ചായിരുന്നു യാത്ര. കഴിഞ്ഞ13 ന് രാവിലെ 10 ന് ‍ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും ആധാർ കാർഡ് ശരിയാക്കുന്നതിനും വേണ്ടി പോകുന്നു എന്നുപറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഉച്ചയ്ക്ക് 12മണിയാേടെ ആര്യയുടെ മൊബൈൽ ഫോണിൽ വീട്ടുകാർ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

വൈകുന്നേരമായിട്ടും ഇരുവരും മടങ്ങിയെത്താതെ വന്നതോടെ മാതാപിതാക്കൾ ചടയമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് വൈക്കത്ത് രണ്ട് പെൺകുട്ടികൾ ആറ്റിൽ ചാടിയെന്ന വിവരം ലഭിക്കുന്നത്. ചെരുപ്പും തൂവാലയും ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ ആറ്റിൽ ചാടിയത് അമൃതയും ആര്യയുമാണെന്ന് വ്യക്തമായി.

പക്ഷേ, തിരച്ചിൽ നടത്തിയിട്ടും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നുരാവിലെ പൂച്ചാക്കലിൽ തീരത്തോട് ചേർന്ന് ആദ്യം അമൃതയുടെ മൃതദേഹവും അല്പം കഴിഞ്ഞതോടെ പെരുമ്പളം സൗത്തിൽ നിന്ന് ആര്യയുടെ മൃതദേഹവും കണ്ടെത്തി.

ഇരുവരും തീവ്രസൗഹൃദത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പരസ്പരം വീടുകളിൽ പോയി താമസിയ്ക്കുകയും ചെയ്തിരുന്നു. അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്ന് നാട്ടിൽ എത്തിയിരുന്നു. ഇദ്ദേഹം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 14 ദിവസം അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ക്വാറന്റൈൻ കഴിഞ്ഞതോടെ അമൃതയുടെ മാതാപിതാക്കൾ വിവാഹ ആലോചനകളുമായി മുന്നോട്ടുപോവുകയും വിവാഹം നിശ്ചയ്ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇരുവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.