വാഷിംഗ്ടൺ: സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം വിജയകരമായി വിക്ഷേപിച്ചു. നാല് ബഹിരാകാശ യാത്രികരാണ് പേടകത്തിൽ ഉണ്ടായിരുന്നത്. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഞായറാഴ്ച രാത്രി 7.27 നാണ് പേടകം വിക്ഷേപിച്ചത്. അമേരിക്കൻ സ്വദേശികളായ മൈക്കൾ ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ, ഷാനൻ വാക്കർ, ജപ്പാൻ സ്വദേശിയായ സൊയ്ചി നോഗുചി എന്നിവരാണ് ബഹിരാകാശത്തേയ്ക്ക് പറന്നുയർന്നത്.എട്ട് മണിക്കൂർ മുതൽ ഒരു ദിവസം വരെ നീളാവുന്നതാണ് ബഹിരാകാശ യാത്ര. സ്വകാര്യ സ്‌പേയ്‌സ്‌ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓർബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യത്തെ ദൗത്യമാണിത്.
ആഗസ്റ്റിൽ വിജയകരമായി നടത്തിയ പരീക്ഷണ പറക്കലിനെത്തുടർന്നാണ് രണ്ടാം തവണ നാല് ബഹിരാകാശയാത്രികർ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ വഴി യാത്രതിരിച്ചത്.ഇതോടെ ബഹിരാകാശ യാത്രയ്ക്ക് റഷ്യയുടെ ആശ്രയം തേടുന്നത് അമേരിക്ക അവസാനിപ്പിച്ചു. ഇതുവരെ റഷ്യയുടെ സോയൂസ് റോക്കറ്റുകളിലായിരുന്നു നാസയുടെ യാത്രികരും ബഹിരാകാശ നിലയത്തിലേക്ക് പോയിരുന്നത്.
ബഹിരാകാശയാത്രികരെല്ലാം കസ്റ്റം വൈറ്റ് ഫ്ലൈറ്റ് സ്യൂട്ടുകൾ ധരിച്ച് മൂന്ന് വെളുത്ത ടെസ്‌ല എസ്.യുവികളിലാണ് കെന്നഡി സ്പേസ് സെന്റർ ലോഞ്ച് പാഡിലേക്ക് എത്തിയത്. ഒപ്പം നാസ, സ്‌പേസ് എക്‌സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിക്ഷേപണം കാണുന്നതിന് നിരവധി പ്രമുഖർ എത്തിയിരുന്നു.
വെള്ളിയാഴ്ച പ്രഖ്യാപിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇറ്റ കൊടുങ്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വിക്ഷേപണം നീട്ടി വയ്ക്കാൻ കാരണം.
നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ശാസ്ത്രത്തിന്റെ ശക്തിയുടെ തെളിവാണിതെന്നും നമ്മുടെ പുതുമ, വൈദഗ്ദ്ധ്യം, ദൃഢനിശ്ചയം എന്നിവ യോജിപ്പിച്ചുകൊണ്ട് നമുക്ക് നേടാൻ കഴിയുന്നതാണിതെന്നും' സൂചിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. 'മഹത്തായത്' എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്. ഭാര്യ കാരെനൊപ്പം വിക്ഷേപണ ചടങ്ങിൽ പങ്കെടുത്ത വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ദൗത്യത്തെ 'അമേരിക്കയിലെ മനുഷ്യ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ കാലഘട്ടം' എന്ന് വിശേഷിപ്പിച്ചു.