നടി മേഘ്നയുടെ ഏറ്റവും പുതിയ അഭിമുഖം വൈറലാകുന്നു. ഭർത്താവ് ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായിട്ടാണ് താരം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ഭർത്താവിന്റെ വേർപാടിനെ കുറിച്ചും മകൻ ജനിച്ച സന്തോഷത്തെ കുറിച്ചുമൊക്കെ താരം ഏറെ സംസാരിക്കുന്നുണ്ട്. അതുപോലെ തന്നെ സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയും മേഘ്ന പങ്കുവയ്ക്കുന്നുണ്ട്.
' ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. ജീവിതത്തിൽ എല്ലാത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാൻ. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു ചിരുവിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസിലായത്. മകൻ ചിരുവിനെപ്പോലെ തന്നെയാണ്. നമുക്ക് ആൺകുട്ടി ജനിക്കുമെന്ന് ചിരു പറയുമായിരുന്നു. എന്നാൽ നമ്മുടേത് പെൺകുട്ടിയാകുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അവിടെയും ചിരു പറഞ്ഞത് സത്യമായി. അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാൻ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭർത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാൻ സിനിമകളിൽ അഭിനയിക്കുന്നത് തുടരും. ഞാൻ തീർച്ചയായും മടങ്ങിവരും.