തിരുവനന്തപുരം: സി.ബി.ഐയുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന എക്‌സൈസ് വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമനം. കാസർകോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ പി. മുരളീധരനെയാണ് മൂന്ന് വർഷ ഡെപ്യൂട്ടേഷനിൽ സി.ബി.ഐയുടെ സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചത്. മുരളീധരനെ കൂടാതെ സംസ്ഥാനത്ത് നിന്ന് മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി സി.ബി.ഐയിൽ ഡെപ്യൂട്ടേഷൻ ലഭിച്ചിട്ടുണ്ട്.
സാധാരണ സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെയോ വിജിലൻസിലെ ഉദ്യോഗസ്ഥരെയോ ആണ് ഒഴിവ് വരുന്ന മുറയ്ക്ക് സി.ബി.ഐയിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കാറുള്ളത്. എക്സൈസിൽ നിന്ന് ആരെങ്കിലും ഡെപ്യൂട്ടേഷൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് ആരാഞ്ഞുകൊണ്ട് സി.ബി.ഐ നേരത്തെ എക്‌സൈസ് കമ്മിഷണർക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് അഞ്ചു പേരുടെ പട്ടിക എക്സൈസ് നൽകി. അവരിൽ നിന്നാണ് മുരളീധരനെ സി.ബി.ഐ തിരഞ്ഞെടുത്തത്. സംസ്ഥാന സേനയിൽ പ്രവർത്തിക്കുന്നവരെയാണ് ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. ഡെപ്യൂട്ടേഷൻ ആഗ്രഹിക്കുന്നവർ എഴുത്തു പരീക്ഷ പാസാകേണ്ടി വരും. നിയമപരമായുള്ള നടപടിക്രമങ്ങളെ കുറിച്ചുള്ള അവഗാഹമായിരിക്കും ഇവിടെ പരീക്ഷിക്കപ്പെടുക. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി), ക്രിമിനൽ നടപടി ചട്ടം സംബന്ധിച്ചും ചോദ്യങ്ങളുണ്ടാകും.
എഴുത്തുപരീക്ഷ പാസായി കഴിഞ്ഞാൽ സി.ബി.ഐയിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന പാനലിന് മുമ്പിൽ അഭിമുഖത്തിന് ഹാജരാകണം. ഇത്തവണത്തെ അഭിമുഖത്തിന് സി.ബി.ഐ ജോയിന്റ് ഡയറക്ടർ, സീനിയർ സ്പെഷ്യൽ പ്രോസിക്യൂട്ടർ, പബ്ളിക് പ്രോസിക്യൂട്ടർ എന്നിവരുമുണ്ടായിരുന്നു. അഭിമുഖ കടമ്പയും കടന്നുകഴിഞ്ഞാൽ ഉദ്യോഗസ്ഥരുടെ മുൻകാല ചരിത്രം സി.ബി.ഐ പരിശോധിക്കും. ഇതിനൊപ്പം വാർഷിക വിലയിരുത്തൽ റിപ്പോർട്ടുകളും പരിശോധിക്കും. ഇത് പൂർത്തിയായ ശേഷം രഹസ്യമാർഗങ്ങളിലൂടെ വ്യക്തിയെ കുറിച്ചുള്ള അന്വേഷണമാണ് നടക്കുക. ഇതിലും പാസാകുന്നതോടെ നടപടികൾ പൂർത്തിയാകും.
സി.ബി.ഐ
രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ ആണ് സി.ബി.ഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നത്. 1941ൽ ഡൽഹി സ്‌പെഷ്യൽ പൊലീസ് ആക്ടിന് കീഴിലാണ് സി.ബി.ഐയ്ക്ക് രൂപം നൽകിയത്. 1963 ഏപ്രിൽ ഒന്നിന് സി.ബി.ഐയെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാക്കി. ഡി.പി.കോഹ്‌ലി ആയിരുന്നു ആദ്യത്തെ സി.ബി.ഐ മേധാവി. ആന്റി കറപ്ഷൻ ഡിവിഷൻ (എ.സി.ബി), സ്‌പെഷ്യൽ ക്രൈംസ് ഡിവിഷൻ (എസ്.സി.ബി) എന്നിങ്ങനെയാണ് സി.ബി.ഐ.യിലെ രണ്ട് അന്വേഷണ വിഭാഗങ്ങൾ. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സാധാരണ കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം സി.ബി.ഐ അന്വേഷിക്കാറുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മാനഭഗം തുടങ്ങിയ പൊതു കുറ്റകൃത്യങ്ങളിൽ, സംസ്ഥാന സർക്കാരിന്റെ ശുപാർശയോ, സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിർദ്ദേശമോ ഉണ്ടെങ്കിലേ സി.ബി.ഐ അന്വേഷിക്കുകയുള്ളൂ.
ഇന്റർപോളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സി.ബി.ഐ.യാണ്. കേന്ദ്ര പേഴ്സണൈൽ, പെൻഷൻ ആന്റ് പബ്ലിക് ഗ്രീവൻസസ് വകുപ്പിനു കീഴിലാണ് ഇപ്പോൾ സി.ബി.ഐ. പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സി.ബി.ഐയുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ചെന്നൈ സോണിന് കീഴിലാണ് ഇവ.