ആസ്ട്രേലിയൻ ക്യാപ്ടൻ ടിം പെയ്ൻ സെൽഫ് ഐസൊലേഷനിൽ
സിഡ്നി : ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് വേദിയാകേണ്ട അഡ‌്‌ലെയ്ഡിൽ ഉൾപ്പെടെ ആസ്ട്രേലിയയിൽ കൊവിഡ് കേസുകളിൽ വർധനയുണ്ടായത് മത്സരത്തിന് ഭീഷണിയാകുന്നു . ദക്ഷിണ ആസ്‍ട്രേലിയയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ ടിം പെയ്ൻ ഉൾപ്പെടെയുള്ളവർ സെൽഫ് ഐസൊലേഷനിലാണ്.
അഡ്‌ലെയ്ഡിൽ നടന്ന ആസ്ട്രേലിയയിലെ ആഭ്യന്തര ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ കളിച്ച താരങ്ങളും സ്റ്റാഫുമാണ് ഐസൊലേഷനിലായത്. ടാസ്മാനിയ, വെസ്റ്റേൺ ഓസ്ട്രേലിയ, ന്യൂസൗത്ത് വെയിൽസ്, ക്വീൻസ‌്‌ലൻഡ്, വിക്ടോറിയ തുടങ്ങിയ ടീമുകളെല്ലാം അഡ്‌ലെയ്ഡിൽ നടന്ന ഷെഫീൽഡ് ഷീൽഡിൽ കളിച്ചിരുന്നു. ആസ്ട്രേലിയയിലെത്തിയ വിദേശികൾക്കെല്ലാം രണ്ടാഴ്ച ഹോട്ടൽ ക്വാറന്റൈനും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യ–ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാകേണ്ടത് അഡ്‌ലെയ്ഡ് ഓവലാണ്. ഈ സാഹചര്യത്തിൽ അഡ്‌ലെയ്ഡിൽ ഉൾപ്പെടെ വീണ്ടും കോവിഡ് വ്യാപിച്ചത് പരമ്പരയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് ക്രിക്കറ്റ് ആസ്ട്രേലിയയും ജാഗ്രതയിലാണ്. ഡിസംബർ 17ന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് ഒരാഴ്ച മുൻപ് തന്നെ ആസ്ട്രേലിയൻ ടീം അഡ്‍ലെയ്‌ഡിൽ എത്തേണ്ടതുണ്ട്. ഡിസംബർ അവസാന വാരത്തോടെ ബിഗ്ബാഷ് ലീഗ് മത്സരങ്ങൾക്ക് വേദിയാകുന്നതും അഡ്‌ലെയ്ഡാണ്.
ഓസീസ് പര്യടനത്തിനായി സിഡ്നിയിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നിലവിൽ 14 ദിവസത്തെ ക്വാറന്റീനിലാണ്. ഈ കാലയളവിൽ പരിശീലനം നടത്താനും ഇന്ത്യയ്ക്ക് പ്രത്യേക അനുമതിയുണ്ട്. നവംബർ 27ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പര്യടനത്തിന് തുടക്കം കുറിച്ച് ഒന്നാം ഏകദിനം അരങ്ങേറുക. സിഡ്നിയിലും കാൻബറയിലുമായാണ് മറ്റ് ഏകദിന മത്സരങ്ങൾ നടക്കുന്നത്.