ഇറ്റലിക്കും ഡെന്മാർക്കിനും വിജയം
ബ്രസൽസ് : കഴിഞ്ഞ രാത്രി നടന്ന യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിൽ ഇംഗ്ളണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ബെൽജിയം.മറ്റ് മത്സരങ്ങളിൽ ഇറ്റലി ഇതേ സ്കോറിന് പോളണ്ടിനെ തോൽപ്പിച്ചപ്പോൾ ഡെന്മാർക്ക് 2-1ന് ഐസ്‌ലാൻഡിനെ കീഴടക്കി.
സ്വന്തം നാട്ടിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ യൂറി ടിയേലിമാൻസും ഡ്രീസ് മെർട്ടെൻസും നേടിയ ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. ഇടതുവിംഗിലൂടെ മുന്നേറി ഇംഗ്ളീഷ് പ്രതിരോധത്തെ സമർത്ഥമായി കബളിപ്പിച്ച കൂട്ടായ പരിശ്രമത്തിനൊടുവിൽ 10-ാം മിനിട്ടിൽ ടിയേലിമാൻസ് നേടിയ ഗോളാണ് ബെൽജിയത്തിന് ലീഡ് നൽകിയത്. 24-ാം മിനിട്ടിൽ ലഭിച്ച ഒരു ഫ്രീകിക്ക് ഇംഗ്ളീഷ് പ്രതിരോധ മതിലിലെ വിടവിലൂടെ ഗോളിക്ക് എത്തിപ്പിടിക്കാനാവാത്ത വേഗത്തിൽ വലയിലാക്കിയാണ് മെർട്ടൻസ് പട്ടിക പൂർത്തിയാക്കിയത്.
ലീഗിൽ ഇംഗ്ളണ്ടിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നേരത്തേ ഡെന്മാർക്കിനോട് തോറ്റിരുന്ന ഇംഗ്ളണ്ടിന് ഇന്ന് ഐസ്‌ലാൻഡിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫൈനൽ റൗണ്ടിലേക്ക് എത്താനുള്ള വഴിയടയും. അഞ്ചുമത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ബെൽജിയമാണ് എ ലീഗിലെ രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ രാത്രി ഐസ്‌ലാൻഡിനെ 2-1ന് കീഴടക്കിയ ഡെന്മാർക്ക് 10 പോയിന്റുമായി രണ്ടാമതുണ്ട്. ഏഴുപോയിന്റുള്ള ഇംഗ്ളണ്ട് മൂന്നാമതാണ്.
അതേസമയം ഒന്നാം ഗ്രൂപ്പിൽ പോളണ്ടിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കിയ ഇറ്റലി അഞ്ചുകളികളിൽനിന്ന് ഒൻപതുപോയിന്റുമായി ഫൈനൽ റൗണ്ട് സാദ്ധ്യത വർദ്ധിപ്പിച്ചു.27-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ജോർജീഞ്ഞോയും 83-ാം മിനിട്ടിൽ ഡൊമെനിക്കോ ബെരാർഡിയുമാണ് ഇറ്റലിക്ക് വേണ്ടി ഗോളുകൾ നേടിയത്.77-ാം മിനിട്ടിൽ പോളണ്ടിന്റെ യാസെക്ക് ഗൊരാൾസ്കി ചുവപ്പുകാർഡ് കണ്ട് പുറത്തായി.
മത്സരഫലങ്ങൾ
ബെൽജിയം 2- ഇംഗ്ളണ്ട് 0
ഡെന്മാർക്ക് 2-ഐസ്‌ലാൻഡ് 0
ഇറ്റലി 2- പോളണ്ട് 0