inflation

ന്യൂഡൽഹി: സാധാരണക്കാർക്ക് ആശങ്കയായി കൊവിഡ് കാലത്ത് അവശ്യസാധനങ്ങളുടെ വില ഉയരുന്നു. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോൾസെയിൽ) നാണയപ്പെരുപ്പം ഒക്‌ടോബറിൽ എട്ടുമാസത്തെ ഉയരമായ 1.48 ശതമാനത്തിലെത്തി. സെപ്‌തംബറിൽ നാണയപ്പെരുപ്പം 1.32 ശതമാനമായിരുന്നുവെന്ന് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ആഗസ്‌റ്റിലെ മൊത്തവില നാണയപ്പെരുപ്പം നേരത്തേ വിലയിരുത്തിയ 0.16 ശതമാനത്തിൽ നിന്ന് 0.41 ശതമാനമായി ഉയർത്തി നിർണയിച്ചിട്ടുമുണ്ട് കേന്ദ്രസർക്കാർ. അതേസമയം, സെപ്‌തംബറിലെ 8.17 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം ഭക്ഷ്യവിലപ്പെരുപ്പം 6.37 ശതമാനമായി കുറഞ്ഞു. എന്നാൽ, 25.23 ശതമാനമാണ് പച്ചക്കറികളുടെ വില വർദ്ധന; ഇതിൽ ഉരുളക്കിഴങ്ങിന്റെ വില വർദ്ധന 107.70 ശതമാനമാണ്.

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരണത്തിന് പ്രധാനമായും പരിഗണിക്കുന്ന ഉപഭോക്തൃ വിലസൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ഒക്‌ടോബറിൽ 7.61 ശതമാനമാണ്. ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സമീപഭാവിയിലെങ്ങും റിസർവ് ബാങ്ക് പലിശഭാരം കുറയ്ക്കാനുള്ള സാദ്ധ്യത ഇതോടെ മങ്ങിയിട്ടുണ്ട്.