manuel-nuer

ജർമ്മനിക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾകീപ്പർ എന്ന റെക്കാഡിനായി മാനുവൽ ന്യൂയർ ഇന്നിറങ്ങുന്നു

ജർമ്മനി Vs സ്പെയ്ൻ മത്സരം ഇന്ന് രാത്രി 1.15 മുതൽ സോണി ചാനലിൽ

ബെർലിൻ : ഇന്ന് യുവേഫ നേഷൻസ് ലീഗിൽ സ്പെയ്‌നുമായി ജർമ്മനി കളിക്കാനിറങ്ങുമ്പോൾ ജർമ്മൻ ഗോളി മാനുവൽ ന്യൂയറെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കാഡ്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വലകാത്ത ഗോൾകീപ്പർ എന്ന സെപ്പ് മേയേഴ്സിന്റെ പേരിലുള്ള റെക്കാഡാണ് ന്യൂയർ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

41 വർഷം പഴക്കമുള്ള റെക്കാഡാണ് ന്യൂയർ പഴങ്കഥയാക്കുക. 1979ലാണ് 95 മത്സരങ്ങളിൽ വലകാത്തശേഷം സെപ്പ് മേയേഴ്സ് പടിയിറങ്ങിയത്.

2014 ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ കീഴടക്കി ജർമ്മനിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് ന്യൂയറാണ്.നീളമേറിയ കൈകൾ കൊണ്ട് മാത്രമല്ല ശരീരം മുഴുവൻ ഉപയോഗിച്ച് വലകാക്കുന്ന ന്യൂയറുടെ സ്വീപ്പിംഗ് സേവുകൾക്കൊപ്പം ബോക്സ് വിട്ടിറങ്ങിയുള്ള ആക്രമണവും ശ്രദ്ധേയമാണ്. റഷ്യൻ ഇതിഹാസമായ ലെവ് യാഷിനോടും മുൻ ഫ്രഞ്ച് ഗോളി ഫേബിയൻ ബാർത്തേസിനോടുമാണ് പലപ്പോഴും ന്യൂയറെ താരതമ്യപ്പെടുത്തുന്നത്.

2009ലാണ് ജർമ്മനിയുടെ ഫസ്റ്റ് ചോയ്സ് ഗോളിയായി ന്യൂയർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വല കാത്ത 95 മത്സരങ്ങളിൽ 41 എണ്ണത്തിൽ ഗോൾ വീഴാൻ അനുവദിച്ചിട്ടില്ല.

2011ൽ ഷാൽക്കേയിൽ നിന്ന് ബയേൺ മ്യൂണിക്കിലേക്ക് എത്തിയ ന്യൂയർ ക്ളബിന്റെ എട്ട് ബുണ്ടസ് ലീഗ കിരീടങ്ങളിലും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും പങ്കാളിയായി.

2016 മുതൽ ഇതുവരെ ജർമ്മനിയുടെ നായകനാണ്.

2013മുതൽ 2016വരെ തുടർച്ചയായ നാലു തവണ ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷം ഉൾപ്പടെ അഞ്ചുതവണ യൂറോപ്പിലെ ഏറ്റവും മികച്ച കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നത്തെ മറ്റ് മത്സരങ്ങൾ

പോർച്ചുഗൽ Vs ക്രൊയേഷ്യ

ഫ്രാൻസ് Vs സ്വീഡൻ

സ്വി​റ്റ്സർലാൻഡ് Vs ഉക്രൈൻ