മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകളാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ ഷമ്മി തിലകൻ. അനശ്വരനടൻ ജയന് പ്രണാമം അർപ്പിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന് കീഴിലെ കമന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജയന്റെ ഫോട്ടോയോയും ഒപ്പം 'കോളിളക്ക'ത്തിലെ അവസാന രംഗത്തിന്റെ ഫോട്ടോയോയും പോസ്റ്റ് ചെയ്തുകൊണ്ട് 'യഥാർത്ഥ സൂപ്പർ സ്റ്റാറിന് പ്രണാമം' എന്ന് അദ്ദേഹം കുറിച്ചിരുന്നു.
പോസ്റ്റിന് താഴെയായി 'അതെന്താ ചേട്ടാ അങ്ങനെ അങ്ങനെ പറഞ്ഞത്? അപ്പോൾ മമ്മൂക്കയും ലാലേട്ടനുമൊക്കെയോ? എന്ന് ഒരു സിനിമാപ്രേമി കമന്റിട്ടിരുന്നു. അധികം വൈകാതെ തന്നെ ഈ കമന്റിന് മറുപടിയുമായി ഷമ്മി എത്തി. 'അവർ സൂപ്പർസ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല' എന്നാണ് നടൻ ഈ കമന്റിന് മറുപടി നൽകിയത്.