treasure

വാഷിംഗ്ടൺ: പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷത്തിലായിരുന്നു ദമ്പതികളായ ജയിംസും ക്ലാരിസ മൺഫോഡും. സാധനങ്ങൾ ഒതുക്കി വയ്ക്കുന്നതിന്റെ തിരക്കിലായിരുന്ന ഇരുവരും ഒരുവേള അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കാരണം, സാധനങ്ങൾക്കിടയിൽ നിന്ന് അവർക്ക് ലഭിച്ചത് ഒരു നിധിയാണ്.

അമേരിക്കയിലെ തെക്കൻ കാരലിനയിലാണ് സംഭവം നടന്നത്. അറ്റകുറ്റപണികളും ആവശ്യമായ ക്രമീകരണങ്ങളും നടത്തിയ ശേഷമാണ് പഴയ ഉടമസ്ഥർ വീട് വിറ്റത്. 32 വർഷമായി അവർ ഇവിടെയായിരുന്നു താമസം. വീട് മാറി പോകുന്നതിനിടെ അമൂല്യമായ നിധിയുടെ കാര്യം അവർ മറക്കുകയും ചെയ്തു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ആണ് പുതിയ താമസക്കാർ നിധി കണ്ടെത്തിയത്. 50 സ്വർണ്ണം നാണയങ്ങളും, 50 വെള്ളി നാണയങ്ങളുമടങ്ങുന്ന നിധിയാണിത്.

നിയമപരമായി ഈ നിധി പുതിയ താമസക്കാർക്ക് അവകാശപ്പെട്ടതാണെങ്കിലും ജെയിംസും ക്ലാരിസയും അത് സ്വന്തമാക്കാൻ ആഗ്രഹിച്ചില്ല. പകരം യഥാർത്ഥ ഉടമയ്ക്ക് നിധി അവർ തിരിച്ച് നൽകി.

വീട്ടിനുള്ളിലെ അലമാരയിലെ ഒരു ഷെൽഫിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു നിധി. ''വിതച്ചതേ കൊയ്യൂ'' എന്നൊരു പഴഞ്ചെല്ല് ഉണ്ട്. അതിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ആരുടേയും സ്വത്ത് സ്വന്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവർക്ക് പ്രതീക്ഷയും പ്രചോദനവും നൽകുന്നതിന് വേണ്ടിയാണ് ഈ കാര്യം എല്ലാവരോടും പങ്കുവയ്ക്കുന്നതെന്ന് ദമ്പതികൾ ഗുഡ് ന്യൂസ് നെറ്റ്‌വർക്കിനോട് പറഞ്ഞു.