കാബൂൾ: ഭീകരവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നുവെന്ന ആരോപണത്തിൽ ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനെ തള്ളി അഫ്‌ഗാനിസ്ഥാൻ. ആരോപണങ്ങൾ പരിശോധിക്കാൻ യു.എൻ പ്രതിനിധി സംഘത്തെ ഇസ്ലാമാബാദിൽ അന്വേഷണം നടത്താൻ അനുമതി നൽകണമെന്നും അഫ്‌ഗാനിസ്ഥാൻ പറഞ്ഞു. സമാധാനത്തിനും ഐക്യദാർഢ്യത്തിനുമായി അഫ്‌ഗാനിസ്ഥാൻ-പാകിസ്ഥാൻ കർമ്മപദ്ധതിയിലൂടെ (എ.പി.എ.പി.പി.എസ്) ഇതിനെ നേരിടണമെന്ന് അഫ്‌ഗാൻ വിദേശകാര്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സായുധ സംഘങ്ങള്‍ക്കും ഭീകരവാദികൾക്കും ഇന്ത്യ ധനസഹായം നൽകുന്നുവെന്ന് പാകിസ്ഥാൻ ആരോപിച്ചത്. ഇത് സംബന്ധിക്കുന്ന തെളിവുകൾ തങ്ങളുടെ കെെയ്യിലുണ്ടെന്നും പാകിസ്ഥാൻ വിദേശകാര്യമന്ത്രി പറഞ്ഞു. പാകിസ്ഥാനെതിരായ ഭീകരാക്രമണത്തിന് അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്നുണ്ടെന്നും അവർ ആരോപിച്ചിരുന്നു.
എന്നാൽ പാകിസ്ഥാന്റെ ഈ ആരോപണം ഇന്ത്യ തള്ളി. ഭീകരതയെ പിന്തുണയ്ക്കുന്നതിൽ ഇസ്ലാമാബാദിന്റെ പങ്കിനെക്കുറിച്ച് ലോക സമൂഹത്തിന് അറിയാമെന്നും ഇന്ത്യ പ്രതികരിച്ചു. കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന വിഘടനവാദി ഗ്രൂപ്പുകള്‍ക്കും സായുധ സംഘങ്ങള്‍ക്കും പാകിസ്താന്‍ സഹായം നല്‍കുകയാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ആരോപണങ്ങളെ തള്ളി അഫ്‌ഗാനിസ്ഥാൻ രംഗത്തെത്തുന്നത്. പാകിസ്ഥാനെതിരായി അഫ്ഗാൻ പ്രദേശം ഉപയോഗിച്ചെന്ന പാക് ആർമി വക്താവ് ഉന്നയിച്ച ആരോപണങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും അഫ്‌ഗാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഈ ആഴ്ച അഫ്ഗാൻ സന്ദർശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ ആരോപണം. നിലവിലുള്ള ഉഭയകക്ഷി സഹകരണ സംവിധാനങ്ങളിലൂടെ പാകിസ്ഥാൻ പ്രശ്‌നം ചർച്ചചെയ്യുമെന്നും ഭീകരതയുടെ ഏറ്റവും വലിയ ഇരകൾ എന്ന നിലയിൽ തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള ആഗോളതല ശ്രമങ്ങൾ തുടരുമെന്നും അഫ്‌ഗാനിസ്ഥാൻ അറിയിച്ചു.