pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനകാര്യ സ്ഥാപനമായ കിഫ്ബിക്കെതിരെ പാര പണിയുന്നവർക്ക് മറ്റ് താത്പര്യങ്ങളാണുള്ളതെന്നും അത്തരക്കാർക്ക് നാട് നന്നാവുന്നതിൽ വെപ്രാളമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികലമായ മനസുകളെ വികസനം അസ്വസ്ഥമാക്കും. നാടും നാട്ടുകാരും വികസനത്തിനൊപ്പം നിൽക്കും.മുഖ്യമന്ത്രി പറഞ്ഞു. സൗകര്യം കൂടിയാൽ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും വികസനം എൽ.ഡി.എഫിന്റെ സമയത്ത് നടക്കുന്നതിലുള്ള പ്രയാസമാണ് ചിലർക്കെന്നും അദ്ദേഹം ആഞ്ഞടിച്ചു.

'കെ. ഫോൺ പദ്ധതി യാഥാർഥ്യമാകാൻ നാട്ടിലെ യുവാക്കൾ കാത്തിരിക്കുകയാണ്. നാടിന്റെ യുവതയുടെ പ്രതീക്ഷയാണത്. കേരളമാകെ സകല വീടുകളിലും സകല സ്ഥാപനങ്ങളിലും ഇന്റർനെറ്റ് കണക്‌ഷൻ വരികയാണ്. ചിലർക്കത് പ്രയാസമുണ്ടാക്കും. നിക്ഷിപ്ത താത്പര്യക്കാർ ഉണ്ടാകും. പക്ഷെ ആ നിക്ഷിപ്ത താത്പര്യം എങ്ങനെ നമ്മുടെ നാട്ടിലെ ഒരു അന്വേഷണ ഏജൻസിക്ക് വരും? എന്താണ് അവർക്കുള്ള സംശയം? കിഫ്ബിയുടെ ധനമാണ് അതിന് സഹായിക്കുന്നത്.'-മുഖ്യമന്ത്രി പറയുന്നു.

'നിങ്ങളെന്തിന് കെ-ഫോണിന് പോകണം? അതിന് വേറെ ആളില്ലേ?' എന്ന താത്പര്യക്കാർ അവിടെ ഇരുന്നാൽ മതിയെന്നും ഇങ്ങോട്ട് വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാനും വികല മനസുകളുടെ താത്പര്യങ്ങൾക്കനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജൻസികൾ മാറാൻ പാടില്ല. ഞങ്ങൾക്ക് ഈ നാട് ഏൽപ്പിച്ചുതന്ന ഒരു ഉത്തരവാദിത്തമുണ്ട്. കേരളത്തെ മുന്നോട്ട് കൊണ്ടുപോകുക എന്ന ആ ഉത്തരവാദിത്തമാണ് ഞങ്ങൾ നിറവേറ്റുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി നടപ്പാക്കാൻ ഒരുപാട് സ്വകാര്യ ഏജൻസികളും കുത്തക സ്ഥാപനങ്ങളും ഉണ്ടെന്നാണ് പരോക്ഷമായി ചിലർ തങ്ങളോട് പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. അതേ നാണയത്തിൽ തന്നെ താൻ തിരിച്ചു പറയുകയാണെന്നും അങ്ങനെയുള്ള ചിന്തകൾ അത്തരക്കാർ മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കുത്തകയുടെയും വക്കാലത്ത് എടുത്തുകൊണ്ട് ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്നും, തങ്ങൾക്ക് അക്കാര്യത്തിൽ യാതൊരു ആശങ്കയും സംശയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.