mayors-cup

തിരുവനന്തപുരം : 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ മേയേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് നടത്തിയത് കഴിഞ്ഞ നവംബറിലാണ്. എന്നാൽ വർഷമൊന്നുകഴിഞ്ഞിട്ടും ടൂർണമെന്റിൽ കളിച്ച പ്രമുഖ ടീമുകൾക്ക് മാച്ച് ഫീ നൽകാതെ പറ്റിക്കുകയാണ് നഗരസഭ.

വി.ശിവൻകുട്ടി മേയറായിരിക്കെ 1997ൽ അവസാനമായി നടന്നിരുന്ന മേയേഴ്സ് കപ്പിനെ പുനരുജ്ജീവിപ്പിക്കാൻ മുൻ കൈഎടുത്തത് പിന്നീട് വട്ടിയൂർക്കാവ് എം.എൽ.എയായി മാറിയ കഴിഞ്ഞ മേയർ വി.കെ പ്രശാന്താണ്.2019 ആഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേയേഴ്സ് കപ്പ് പ്രളയം വന്നതോടെ നവംബറിലേക്ക് മാറ്റുകയായിരുന്നു.

മറ്റുസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ 12 ടീമുകളാണ് മത്സരിക്കാനെത്തിയത്. രണ്ട് പൂളുകളാക്കിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ആദ്യം ടൂർണമെന്റ് പ്രഖ്യാപിച്ചപ്പോൾ ജേതാക്കൾക്ക് അരലക്ഷം, റണ്ണേഴ്സ് അപ്പിന് 30000 എന്നിങ്ങനെ പ്രൈസ്‌മണി പറഞ്ഞിരുന്നെങ്കിലും കളികഴിഞ്ഞപ്പോൾ അതുനൽകിയില്ല. രണ്ടാമത്തെ പൂളിൽ മത്സരിച്ച ടീമുകളിൽ പലതിനെയും മാച്ച് ഫീ നൽകാതെയാണ് സംഘാടകർ മടക്കി അയച്ചത്.തിരുവനന്തപുരം നഗരത്തിൽ നിന്ന് പങ്കെടുക്കാനെത്തിയ ടീമുകൾക്ക് ഒരു മത്സരത്തിന് 20000 രൂപയാണ് ഫീസായി നൽകാമെന്ന് ഏറ്റിരുന്നത്. കോർപ്പറേഷനുവേണ്ടി ജില്ലാ ഫുട്ബാൾ അസോസിയേഷൻ നഗരപരിധിയിലെ കോളേജുകളിലെ വിദ്യാർത്ഥികളെ അണിനിരത്തി ഒരു ടീം രൂപീകരിച്ച് കളിപ്പിച്ചിരുന്നു. ഈ കുട്ടികളുടെ കളിക്കാശും നൽകിയിട്ടില്ല. കളിക്കാശ് കിട്ടാനായി ഒരുവർഷമായി കോർപ്പറേഷൻ ഓഫീസ് കയറി ഇറങ്ങിയിട്ടും ഫലമുണ്ടായിട്ടില്ല.

ടൂർണമെന്റിന്റെ നടത്തിപ്പിനായി നഗരസഭ 15 ലക്ഷം രൂപ മാറ്റിവച്ചിരുന്നു. സ്പോൺസർഷിപ്പായി കിട്ടിയ തുക വേറേയും. എന്നാൽ ആദ്യ ഘട്ടത്തിൽ നൽകിയ തുക ചെലവാക്കിയതിന്റെ കണക്കുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമർപ്പിക്കാത്തതിനാൽ പിന്നീട് തുക അനുവദിക്കാനാകാതെ വരികയായിരുന്നുവെന്ന് കോർപ്പറേഷൻ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കണക്കുസമർപ്പിക്കാത്തതിനെതിരെ നടപടിയെടുക്കാനും അധികൃതർ മടിക്കുകയാണ്.