ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് എൻ.ഡി.എയിൽ ചേരാനൊരുങ്ങുകയാണ് കരുണാനിധിയുടെ മൂത്തമകൻ എം.കെ അഴഗിരി. ബി.ജെ.പിയും അണ്ണാ ഡി.എം.കെയുമായി സഖ്യത്തിലേർപ്പെടാനാണ് അഴഗിരിയുടെ ആലോചന. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡി.എം.കെയിൽ സമ്മർദ്ദം സൃഷ്ടിക്കുകയാണ് അഴഗിരിയുടെ നീക്കമെന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. അഴഗിരി എൻ.ഡി.എയിലേക്ക് പോയാൽ അത് ഡി.എം.കെയ്ക്ക് വൻ തിരിച്ചടിയാകും. രാഷ്ട്രീയ നിലപാട് തീരുമാനിക്കാനുള്ള അഴഗിരി അനുകൂലികളുടെ യോഗം വരുന്ന 20-ന് മധുരയിൽ ചേരും. അതിനടുത്ത ദിവസം ചെന്നൈയിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അഴഗിരി കൂടിക്കാഴ്ച നടത്തുമെന്ന വിവരവുമുണ്ട്. കലൈജ്ഞർ ഡി.എം.കെ. എന്നോ, കെ.ഡി.എം.കെ. എന്ന പേരാകും പാർട്ടിക്ക് നൽകുക. വാർത്തകളോട് പ്രതികരിക്കാൻ അഴഗിരി തയാറായിട്ടില്ല.