woman-arrested

മുംബയ്: മുംബയില്‍ ജ്വല്ലറിയില്‍ നിന്നും മുക്കുപണ്ടം നല്‍കി 22 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പൊലീസ് പിടികൂടി. മുംബയിലെ നാല്‍ ബസാറില്‍ താമസിക്കുന്ന സന ഷെയ്ഖ് എന്ന യുവതിയാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് മോഷണം നടന്നത്.

കഴിഞ്ഞ മാസം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന യുവതി ദീപക് റാത്തോഡ് എന്നയാള്‍ നടത്തുന്ന ജ്വല്ലറിയിലെത്തി. കടയിലെത്തിയ യുവതി കുറേ ആഭരണങ്ങള്‍ തിരഞ്ഞെടുത്തു. ഇവ പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് അവിടെ നിന്നും മടങ്ങി. പിന്നീട് ആറ് തവണകളിലായി ജ്വല്ലറിയിലെത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പകരം മുക്ക് പണ്ടം മാറ്റി വച്ച് മുങ്ങി. ആറ് തവണയായാണ് 22 പവനോളം വരുന്ന ആഭരണങ്ങള്‍ യുവതി അടിച്ച് മാറ്റിയത്.

മോഷണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് കടയുടമ സംഭവം തിരിച്ചറിയുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ മോഷണം പോയ അതേ ആഭരണങ്ങള്‍ ധരിച്ചിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് ജ്വല്ലറി ഉടമ ദീപക് റാത്തോഡ് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ സന ഷെയ്ഖ് മറ്റ് ജ്വല്ലറികളില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മുംബയ് പൊലീസ് വ്യക്തമാക്കി.