ഭൂമിശാസ്ത്രപരമായ വിവരസംവിധാന സോഫ്റ്റ്‌വെയറാണ് ഗൂഗിൾ എർത്ത്. ഭൗമോപരിതലത്തിന്റെ ഉപഗ്രഹചിത്രങ്ങളുടെ ബൃഹത് സംയോജനമായ ഗൂഗിൾ എർത്ത് വഴി അന്റാർട്ടിക്കയിൽ ഒളിഞ്ഞിരിക്കുന്ന ഒരു 'രഹസ്യം ' താൻ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു യൂട്യൂബർ.
ഒരു ഗുഹയും അതിന് മുകളിൽ ലോഹ കവചവുമാണ് താൻ കണ്ടെത്തിയതെന്നാണ് ഇയാളുടെ അവകാശവാദം. വിമാനങ്ങൾ കടന്നുപോകാത്ത വിദൂരപ്രദേശത്താണ് ഇയാളുടെ കണ്ടെത്തൽ. 'അന്റാർട്ടിക്കയിലെ ഇരുമ്പ് താഴികക്കൂടം കൊണ്ട് മൂടിയ വലിയ ഗുഹാമുഖം' എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള ഈ പ്രത്യേക ഭാഗം ഭൂമിയ്ക്കടിയിലേക്ക് പോകുന്നതായാണ് യൂട്യൂബറുടെ നിഗമനം.
150 അടി വീതി ഇതിനുണ്ടെന്നാണ് ഇയാളുടെ കണക്കുകൂട്ടൽ. ഗൂഗിൾ എർത്ത് ടൂൾസ് വഴിയാണ് ഈ നിഗമനത്തിലെത്തിയത്. യൂട്യൂബർ കണ്ടെത്തിയ ചിത്രത്തിലെ ഗുഹാമുഖത്തിന് വളരെ ഇരുണ്ട നിറമാണ്. ഗുഹാമുഖത്തിൽ തന്നെ കാണുന്ന ലോഹ കവചം മനുഷ്യനിർമിതം ആണെന്നും ഇയാൾ പറയുന്നു. പലരും അന്യഗ്രഹ ജീവികളുടെ സിദ്ധാന്തവുമായാണ് ഈ ' വിചിത്ര ' കണ്ടെത്തലിനെ താരതമ്യപ്പെടുത്തുന്നത്. ചിലരാകട്ടെ ഇത് ശുദ്ധ തട്ടിപ്പാണെന്നും അല്ലെങ്കിൽ തോന്നൽ മാത്രമാണെന്നും പറയുന്നു.