താത്പര്യപത്രം സമർപ്പിക്കാനുള്ള സമയം അവസാനിച്ചു
ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷനെ (ബി.പി.സി.എൽ) സ്വകാര്യവത്കരിക്കുന്നതിനോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ ക്ഷണിച്ച താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി ഇന്നലെ അവസാനിച്ചു. സർക്കാരിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന റിലയൻസ് ഇൻഡസ്‌ട്രീസും താത്പര്യപത്രം സമർപ്പിച്ചില്ല.
സൗദി ആരാംകോ, ബ്രിട്ടീഷ് പെട്രോളിയം, ഫ്രാൻസിലെ ടോട്ടൽ, റഷ്യയിലെ റോസ്‌നെഫ്‌റ്റ് എന്നിവയും വിട്ടുനിന്നു. അബുദാബി ഓയിൽ കമ്പനി (അഡ്‌നോക്), ശതകോടീശ്വരനും ഖനന മേഖലയിലെ പ്രമുഖനുമായ അനിൽ അഗർവാൾ എന്നിവരും ബി.പി.സി.എൽ ഓഹരികളിൽ നേരത്തേ കണ്ണുനട്ടിരുന്നു. എന്നാൽ, ഇവർ താത്പര്യപത്രം സമർപ്പിച്ചോയെന്ന് വ്യക്തമല്ല.
52.98 ശതമാനം ഓഹരി പങ്കാളിത്തമാണ് ബി.പി.സി.എല്ലിൽ കേന്ദ്രത്തിനുള്ളത്. ഇതു പൂർണമായും വിറ്റൊഴിയും. 47,430 കോടി രൂപയാണ് നിലവിൽ സർക്കാർ ഓഹരികളുടെ മൂല്യം.
മികച്ച പ്രതികരണമെന്ന്
നിർമ്മല സീതാരാമൻ
ബി.പി.സി.എൽ വില്പനയോട് അനുബന്ധിച്ച് ഒട്ടേറെ താത്പര്യപത്രങ്ങൾ ലഭിച്ചെന്നും നടപടികൾ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്‌തു. എന്നാൽ, എത്രപേർ താത്പര്യപത്രം സമർപ്പിച്ചുവെന്ന് മന്ത്രി പറഞ്ഞില്ല.