കോഴിക്കോട്: ഉളേള്യരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിലായി. പർച്ചേസ് വിഭാഗം ജീവനക്കാരൻ ചീക്കിലോടിനടുത്ത് എടക്കര വെള്ളാറമ്പത്ത് ഹൗസിൽ അശ്വിൻ കൃഷ്ണയെയാണ് (34) അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതി, സന്ധ്യയോടെ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന്, പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
ആശുപത്രിയിൽ ആറു വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഇയാൾ സ്ഥിരം ജീവനക്കാരനാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. സംഭവത്തെ തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തു.
യുവതിയെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ പിതാവും കൊവിഡ് ബാധിച്ച് എത്തിയിരുന്നു. ഒരേ മുറിയിലായിരുന്നു ഇരുവരും.ആശുപത്രി സേവനം തൃപ്തികരമാണോ എന്നാരാഞ്ഞ് വെള്ളിയാഴ്ച മെസേജ് അയയ്ക്കുകയായിരുന്നു ജീവനക്കാരൻ. തൃപ്തികരമെന്ന് പ്രതികരിച്ചു. ചികിത്സയുമായി ഒരു ബന്ധവുമില്ലാത്ത ഇയാൾ പിന്നീട് തുടർച്ചയായി മെസേജുകൾ അയച്ചു. മാന്യതയുടെ അതിരു വിട്ടുള്ളതായിരുന്നു പലതും.
ഞായറാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർമാരോട് ഇതേക്കുറിച്ച് പരാതിപ്പെട്ടു. എന്നാൽ ജീവനക്കാർ ആരും അങ്ങനെ ചെയ്യാൻ സാദ്ധ്യതയില്ലെന്നായിരുന്നു പ്രതികരണം. രാവിലെ അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്നും ഉറപ്പ് നൽകി.
രാത്രി പതിനൊന്നരയോടെ പി.പി.ഇ കിറ്റ് ധരിച്ച് മൂന്നാം നിലയിൽ യുവതിയുടെ മുറിയിലെത്തിയ ജീവനക്കാരൻ താഴെ ഡോക്ടർ വിളിക്കുന്നുണ്ടെന്ന് അറിയിച്ചു. പരാതിയിൽ വിവരങ്ങൾ തേടാനായിരിക്കുമെന്ന ധാരണയിൽ അയാൾക്കൊപ്പം ഇറങ്ങി. ലിഫ്‌റ്റിൽ താഴത്തെ നിലയിലേക്ക് പോകുന്നതിനു പകരം നാലാം നിലയിലേക്കാണ് കൊണ്ടുപോയത്. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ആകെ ഇരുട്ടായിരുന്നു. ജീവനക്കാരൻ മോശമായി പെരുമാറാൻ തുനിഞ്ഞതോടെ തട്ടിമാറ്റി ഉടൻ ലിഫ്‌റ്റിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു. മുറിയിലെത്തിയ യുവതി പിതാവിനോടു വിവരം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം, കോൺഗ്രസ്, ബി.ജെ.പി നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ജീവനക്കാരൻ കുറ്റം ചെയ്തെന്ന് കണ്ടെത്തിയാൽ പിരിച്ചുവിടുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകി. പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.